ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല?; പേശികള്‍ക്ക് അസാധാരണ ചതവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി : വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന സൂചനകളുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീജിത്തിന്റെ പേശികള്‍ക്ക് അസാധാരണമായ ചതവുണ്ടെന്നും ശരീരത്തില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മര്‍ദിച്ചതെന്നുള്ള സൂചനയും റിപ്പോര്‍ട്ടു പങ്കുവയ്ക്കുന്നു. അതേസമയം, നാട്ടുകാരുമായുള്ള അടിപിടിക്കുശേഷം കസ്റ്റഡിയിലെടുക്കും വരെ മറ്റു സംഘര്‍ഷങ്ങളുണ്ടായിരുന്നില്ലെന്നും ഇക്കാരണത്താല്‍ തന്നെ രാത്രി 10.30 വരെ പരുക്കേല്‍ക്കാന്‍ സാധ്യതയില്ലെന്നുമാണു വിലയിരുത്തല്‍. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകള്‍ വിലയിരുത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച പൊലീസുകാരെ കണ്ടെത്താന്‍ നുണപരിശോധന നടത്തുന്നതും പരിഗണനയിലുണ്ട്. എസ്പിയുടെ സ്‌ക്വാഡും ലോക്കല്‍ പൊലീസും പരസ്പര വിരുദ്ധ മൊഴി നല്‍കുന്നതിനാല്‍ മര്‍ദിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല. ഇതാണ് നുണപരിശോധന ആവശ്യത്തിനു പിന്നില്‍. പൊലീസുകാരുടെ മൊബൈല്‍ കോള്‍ ലിസ്റ്റും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

അതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ കുടുംബം രംഗത്തെത്തി. കുറ്റവാളികളെ പിടികൂടുന്നില്ലെങ്കില്‍ സിബിഐ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെടുമെന്ന് അമ്മ ശ്യാമള മനോരമ ന്യൂസിനോടു പറഞ്ഞു. നിരപരാധിയെയാണു പൊലീസ് പിടികൂടി കൊന്നുകളഞ്ഞതെന്നു ശ്രീജിത്തിന്റെ ഭാര്യ അഖിലയും പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഇതിനുളള നടപടികള്‍ തുടങ്ങുമെന്നും അഖില വ്യക്തമാക്കി.

KCN

more recommended stories