സ്വവര്‍ഗരതി: സുപ്രീംകോടതിക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്ന ഹരജിയില്‍ തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ രതിയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

ഭണഘടനയുടെ 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണെന്നതിനാലാണ് തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടു നല്‍കുന്നത്. അതൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.

ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണെന്നും പങ്കാളിയെന്നാല്‍ എതിര്‍ലിംഗമാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു. സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹരജി കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേള്‍ക്കാന്‍ തുടങ്ങിയത്.

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമം 377ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തില്‍പെട്ടവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

KCN

more recommended stories