പോഷകാഹാരക്കുറവും പട്ടിണിയും മൂലം സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചു

ദില്ലി: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദില്ലിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചു. എട്ടും അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് കുട്ടികള്‍ മരിച്ചത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുട്ടികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോഷകാഹാരക്കുറവും പട്ടിണിയുമാണ് മരണ കാരണം എന്നും കണ്ടെത്തിയത്.

കുട്ടികളുടെ അമ്മയും സമീപത്തുള്ളവരും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. അമ്മയോട് കാര്യങ്ങള്‍ ആരാഞ്ഞുവെങ്കിലും പരസ്പരബന്ധമില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. അവര്‍ക്ക് മാനസികആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്.

കുട്ടികളുടെ പിതാവ് റിക്ഷാ ഡ്രൈവറാണ്. എന്നാല്‍ ഇയാളുടെ റിക്ഷ മോഷണം പോയതോടെ ഇയാള്‍ ജോലിതേടി ദൂരെസ്ഥലങ്ങളിലേക്ക് പോയി. ഇതോടെയാണ് കുട്ടികള്‍ പട്ടിണിയിലായത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്നാതാണ് നിഗമനം. കുട്ടികളുടെ വയറ്റില്‍ ഭക്ഷണമോ, വെള്ളമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നവെങ്കിലും കൃത്യമായ മറുപടികളല്ല അവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഭര്‍ത്താവ് എവിടെയാണ് എന്നതും ഇവര്‍ക്ക് അറിയില്ല.

KCN

more recommended stories