രാജ്യത്തെ ഏറ്റവും നീളം കൂടിയ ‘കേബിള്‍ സ്റ്റേഡ് ബ്രിഡ്ജ്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ ‘കേബിള്‍ സ്റ്റേഡ് ബ്രിഡ്ജ്’ ഗുജറാത്തിലെ ദ്വാരകയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഓക്കയെയും ബെയ്ത് ദ്വാരക ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘സുദര്‍ശന്‍ സേതു’ പാലമാണ് ഉദ്ഘാടനം ചെയ്തത്. 979 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിച്ചത്. 2.3 കിലോമീറ്റര്‍ ദൂരം വരുന്ന പാലത്തിന് 2017 ഒക്ടോബറില്‍ മോദി തന്നെയാണ് ശിലയിട്ടിരുന്നത്. പഴയതും പുതിയതുമായ ദ്വാരകകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി സുദര്‍ശന്‍ സേതു വര്‍ത്തിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു.

27.20 മീറ്റര്‍ വീതിയുള്ള നാലുവരി പാലത്തിന്റെ ഇരുവശത്തും 2.50 മീറ്റര്‍ വീതിയുള്ള ഫുട്പാത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഓക്ക തുറമുഖത്തിനടുത്തുള്ള ദ്വീപാണ് ബെയ്ത് ദ്വാരക. ദ്വാരക പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണിത്. ദ്വാര്‍കാദിഷ് ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് മോദി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

രാജ്കോട്ടില്‍ സ്ഥാപിതമായ ഗുജറാത്തിലെ ആദ്യത്തെ എ ഐ ഐ എം എസും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചക്കു ശേഷമാണ് ഉദ്ഘാടനം. ആന്ധ്രപ്രദേശ്, പഞ്ചാബ്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ച പുതിയ എ ഐ ഐ എം എസുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും. ഓണ്‍ലൈന്‍ വഴിയായിരിക്കും ഇവയുടെ ഉദ്ഘാടനം.

KCN

more recommended stories