ഹനാനെതിരായ പ്രചരണം; ആദ്യ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ ഒരാള്‍ക്കെതിരെ കേസെടുത്തു. ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ശൈഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും. സോഷ്യല്‍ മീഡിയ വഴി അപവാദം കേള്‍ക്കേണ്ടി വന്നതിന്റെ അടിസ്ഥാനത്തില്‍ ഹനാന്റെ മൊഴിയുമെടുത്തു.

അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടറോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു.

തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേര്‍ ഹനാന് സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അല്‍ അസ്ഹര്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഈ തൃശൂര്‍ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീന്‍ കച്ചവടത്തിന് എത്തിയത്. വാര്‍ത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയില്‍ ഹനാന് അവസരം നല്‍കുമെന്നു സംവിധായകന്‍ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി.

KCN

more recommended stories