പശുക്കളെ കൊല്ലുന്നതിനെതിരെ പ്രതികരിക്കാന്‍ ബിജെപി എംഎല്‍എ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

ഹൈദരാബാദ്: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിക്കാനായി ബിജെപി എംഎല്‍എ ടി രാജാ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഹൈദരാബാദിലെ ഗോശാമഹല്‍ എംഎല്‍എയാണ് രാജാ സിംഗ്. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിച്ച് പാര്‍ട്ടിക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് രാജാ സിംഗ് രാജിവച്ചത്.

ഹിന്ദു വാഹിനി സംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഹിന്ദു മതത്തെ സംരക്ഷിക്കലാണ് തന്റെ പ്രധാന ഉത്തരവാദിത്വം. ബക്രീദിന്റെ ഭാഗമായി 3,000 ഓളം പശുക്കളെയാണ് കൊല്ലാന്‍ പോകുന്നത്. അതിനാല്‍ പശുക്കളെ സംരക്ഷിക്കുന്നതിന് തനിക്ക് പ്രവൃത്തിക്കേണ്ടിവരും. എന്നാല്‍ തന്റെ പ്രവൃത്തി പാര്‍ട്ടിക്ക് ബുദ്ധിമുട്ടാക്കാതിരിക്കുന്നതിനും വിശദീകരണം നല്‍കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് രാജി വയ്ക്കുന്നതെന്ന് രാജാ സിംഗ് പറയുന്നു.
ഇതിനു മുന്‍പും രണ്ട് തവണ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുന്നതായി രാജാ സിംഗ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് രാജികത്തുകള്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്.

പശുക്കളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ചും ഇതിനു മുന്‍പ് രാജാ സിംഗ് സംസാരിച്ചിരുന്നു. പശുവിനെ രാഷ്ട്രമാതാവാതായി പ്രഖ്യാപിച്ചാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇല്ലാതാകും എന്നതായിരുന്നു രാജാ സിംഗിന്റെ പ്രസാതാവന. അതിനാല്‍ എംപിമാര്‍ പശുവിനെ രാഷ്ട്രമാതാവാക്കുന്നതിനുള്ള ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നും രാജാ സിംഗ് ആവശ്യപ്പെട്ടിരുന്നു.

KCN

more recommended stories