മിന്നുമണി നയിച്ചു: ഇന്ത്യ എ ടീമിന് മിന്നും ജയം

മുംബൈ: ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം മിന്നുമണി നയിച്ച ഇന്ത്യ എ ടീമിന് മൂന്ന് റണ്‍സിന്റെ ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണെടുത്തത്. ബാറ്റെടുത്തവരില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാനാവാതിരുന്ന മത്സരത്തില്‍ 32 പന്തില്‍ 25 റണ്‍സെടുത്ത ദിഷ കസാത്ത് ആണ് ടോപ് സ്‌കോറര്‍. ദിനേശ് വൃന്ദ, ജ്ഞാനനന്ദ ദിവ്യ എന്നിവര്‍ 22 റണ്‍സ് വീതവും കനിക അഹൂജ 19 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റന്‍ മിന്നുമണി മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എ ടീമിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹോളീ അര്‍മിറ്റേജ് 41 പന്തില്‍ 52ഉം സെറെന്‍ സ്‌മെയ്ല്‍ 32 പന്തില്‍ 31ഉം മാഡി വില്ലിയേഴ്‌സ് 17 പന്തില്‍ 20ഉം റണ്‍സ് വീതമെടുത്തെങ്കിലും മറ്റുള്ളവര്‍ക്കൊന്നും പിന്തുണ നല്‍കാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഒമ്ബത് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന രണ്ട് പന്തിലും വിക്കറ്റ് വീണതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ഇന്ത്യക്കായി കശ്‌വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതവും മിന്നുമണി, മന്നത്ത് കശ്യപ്, പ്രകാശിക നായിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

KCN

more recommended stories