എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

 

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ തടഞ്ഞത് എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. കായിക മേളയിലെ വിജയികള്‍ക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം. സ്റ്റേജില്‍ കയറാന്‍ കൃഷ്ണകുമാറിനെ അനുവദിക്കാതെ കൈ കോര്‍ത്ത് തടഞ്ഞ് പ്രതിഷേധിച്ച് എസ്എഫ്‌ഐ രം?ഗത്തെത്തിയതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നീട് സ്റ്റേജിനകത്തും ക്ലാസ് വരാന്തയിലും വരെയെത്തി കൂട്ടത്തല്ല്. ഒടുവില്‍ അധ്യാപകരെത്തിയാണ് വിദ്യാര്‍ത്ഥി സംഘര്‍ഷം അവസാനിപ്പിച്ചത്. പ്രിന്‍സിപ്പാളിന് അനുമോദനവും വോട്ടഭ്യര്‍ത്ഥനയും നടത്തി സ്ഥാനാര്‍ത്ഥി മടങ്ങുകയും ചെയ്തു.

KCN

more recommended stories