ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; ബുധനാഴ്ച ചെറിയ പെരുന്നാള്‍

 
ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി.കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
പെരുന്നാള്‍ നിലാവ് കണ്ടതോടെ തക്ബീര്‍ ധ്വനികളാല്‍ പള്ളികള്‍ മുഖരിതമായി.റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കി ഗള്‍ഫ് നാടുകളിലും ബുധനാഴ്ച്ചയാണ് ചെറിയ
പെരുന്നാള്‍.
ചിട്ടയോടെയും സൂക്ഷ്മതയോടെയും ഒരു മാസം നീണ്ട വ്രതനിഷ്ഠയുടെയും പുണ്യം പങ്കിടുന്ന ഒരുമയുടെ ആഘോഷമാണ് ചെറിയ പെരുന്നാള്‍. ഒരു മാസത്തോളം വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ ആഹ്ലാദ പൂര്‍വം ചെറിയപെരുന്നാളിനെ വരവേല്‍ക്കും.ഈദിന്റെ പ്രഭാതം ആനന്ദത്തിന്റേതാണ്, പള്ളിമിനാരങ്ങളില്‍ നിന്നും കവലകളില്‍നിന്നും നാട്ടുവഴികളില്‍നിന്നും വീടുകളില്‍നിന്നും തെരുവീഥികളില്‍നിന്നും ഈദുല്‍ഫിത്‌റിന്റെ സംഗീതസാന്ദ്രമായ തക്ബീര്‍ധ്വനികള്‍ മുഴങ്ങും. കുട്ടികളും വലിയവരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കുമെത്തും. സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞ് ഈദിനെ വരവേല്‍ക്കും. ഈദുല്‍ ഫിത്‌റിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഫിത്ര് സക്കാത്ത്. സാധുക്കളോടുള്ള ദയ, സമസൃഷ്ടി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളംബരം ചെയ്യുന്ന സവിശേഷ ദാനമാണിത്. നിര്‍ബ്ബന്ധ ദാനമായ സക്കാത്തിനു പുറമെയുള്ള ഫിത്ര് സക്കാത്ത് എല്ലാ വീടുകളിലും ഈദുല്‍ ഫിത്ര് ദിനത്തില്‍ എത്തിക്കുന്നു. ആഘോഷദിനത്തില്‍ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്ര് സക്കാത്തിലൂടെ നിറവേറ്റുന്നത്. ഈദുല്‍ ഫിത്ര് ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പെരുന്നാള്‍ നമസ്‌കാരം. പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി എത്തുന്ന ആബാലവൃദ്ധം വിശ്വാസികളെക്കൊണ്ട് നിബിഡമാകുന്ന ഈദുഗാഹുകള്‍ പെരുന്നാളിന്റെ നിരുപമമായ വശ്യതയാണ്. പരസ്പരം പെരുന്നാള്‍ ആശംസകള്‍
നേരുന്നത് ഈദ്ഗാഹുകളിലെ സ്ഥിരം കാഴ്ചയാണ്. ശാന്തിയുടെയും സഹിഷ്ണുതയുടെയും ദീനാനുകമ്പയുടെയും, സ്നേഹത്തിന്റെയും വിശ്വസൗഹാര്‍ദ്ദത്തിന്റെയും സന്ദേശമാണ് ലോക
ജനതയ്ക്ക് ഈദുല്‍ഫിത്ര് നല്‍കുന്നത്. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് നാടുകള്‍ ചെറിയ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് നീങ്ങുന്നത്.

KCN

more recommended stories