പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം; വാഹനങ്ങളും തകര്‍ത്തു, സ്ഥലത്ത് നിരോധനാജ്ഞ; സംഭവം കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍

 

ബെംഗളൂരു: കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം. ദാവന്‍ഗെരെയിലെ ചന്നാഗിരി പൊലീസ് സ്റ്റേഷന്‍ നേരെ ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. പൊലീസ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. ചന്നഗിരി സ്വദേശിയായ ആദില്‍ എന്ന യുവാവാണ് മരിച്ചത്. പണം വച്ചുള്ള ചൂതാട്ടത്തിനിടെയാണ് ആദിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച് അരമണിക്കൂറിനുള്ളില്‍ ആദില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇത് കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് ആദിലിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിഷേധവുമായി വലിയ ആള്‍ക്കൂട്ടം തടിച്ച് കൂടുകയും പൊലീസ് സ്റ്റേഷന്‍ നേരെ ആക്രമണം നടത്തുകയുമായിരുന്നു. സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ആള്‍ക്കൂട്ടം മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തല്ലിത്തകര്‍ത്തു. രാത്രി വൈകിയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. സംഭവത്തെത്തുടര്‍ന്ന് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആദിലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്നും ദാവന്‍ഗെരെ എസ്പി അറിയിച്ചു.’

KCN

more recommended stories