സെപ് ബ്ലാറ്റര്‍ വീണ്ടും ഊരാക്കുടുക്കില്‍

spoസൂറിച്ച്: വിവാദത്തില്‍ അകപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ വീണ്ടും ഊരാക്കുടുക്കില്‍. അധികാര ദുര്‍വിനിയോഗം, ഫിഫ ഫണ്ട് തിരിമറി എന്നീ ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍!ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്തു. സ്വിസ് അറ്റോര്‍ണി ജനറലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫ്രഞ്ചുകാരനയായ മിഷേല്‍ പ്ലാറ്റീനിക്ക് വഴിവിട്ട് പണം നല്കിയെന്നുള്ള കണ്ടെത്തല്‍ ബ്ലാറ്ററുടെ പിന്‍ഗാമിയാവാനുള്ള പ്ലാറ്റീനിയുടെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടിയായി.

അഴിമതിയില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ ഫിഫ ഉദ്യോഗസ്ഥന്‍ ജാക്ക് വാര്‍ണര്‍ക്ക് ലോകകപ്പ് സംപ്രേഷണാവകാശം സംബന്ധിച്ച കരാര്‍ അനുവദിച്ചു നല്കിയതിലൂടെ ഭീമമായ അഴിമതിയാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയത്. കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്‍ മേഖലയില്‍ 2010-14 കാലയളവിലെ സംപ്രേഷണ അവകാശം വെറും ആറു ലക്ഷം ഡോളറിനാണ് ( നാലു കോടി രൂപ) വാര്‍ണറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് നല്കിയത്. ഇത് പിന്നീട് 33 ഇരട്ടി തുകയ്ക്ക് (132 കോടിയോളം രൂപ) വാര്‍ണര്‍ സ്വിസ് ചാനലായ എസ്.ആര്‍.എഫിന് മറിച്ചുവിറ്റു. ഫിഫയ്ക്ക് ലഭിക്കേണ്ടിയിരുന്ന വന്‍തുകയാണ് ഇതിലൂടെ നഷ്ടമായത്. സ്വിസ് ചാനല്‍ ഇതിന്റെ വിശദാംശങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ണര്‍ക്ക് വമ്പന്‍ തിരിമറി നടത്താന്‍ അവസരമൊരുക്കിയതിനു പുറമെ പ്ലാറ്റീനിയ്ക്ക് 13 കോടിയോളം രൂപ നിയമവിരുദ്ധമായി നല്കിയെന്ന് ചോദ്യം ചെയ്യലിനിടെ ബ്ലാറ്റര്‍ സമ്മതിച്ചിട്ടുണ്ട്. ഈ ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്കാന്‍ പ്ലാറ്റീനിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഫ പ്രസിഡന്റാകാനുള്ള പ്ലാറ്റീനിയുടെ മോഹം കാറ്റില്‍ പറക്കുമെന്നാണ് കരുതപ്പെടുന്നത്.

ആസ്ഥാനമായ സൂറിച്ചില്‍ ഫിഫ നിര്‍വാഹക സമിതി യോഗത്തിനുശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ഫിഫ ആസ്ഥാനം പരിശോധിച്ച ഉദ്യോഗസ്ഥര്‍ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഈ വര്‍ഷം മെയ് 27ന് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഷിക യോഗത്തിനെത്തിയ ഫിഫയിലെ 14 ഉന്നതന്മാരെ സ്വിസ് പോലീസ് അറസ്റ്റു ചെയ്തതോടെയാണ് ബ്ലാറ്ററുടെ കാലയളവിലെ വന്‍ അഴിമതിയെക്കുറിച്ച് ലോകം അറിയുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ഫിഫ പ്രതിനിധികളും ഫിഫയുടെ മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. അമേരിക്കന്‍ പോലീസ്  പുറപ്പെടുവിച്ച അറസ്റ്റുവാറണ്ടിനെത്തുടര്‍ന്നായിരുന്നു ഇത്.

17 വര്‍ഷം ഫിഫയുടെ അമരക്കാരനായിരുന്ന ബ്ലാറ്റര്‍ തന്റെ ഇഷ്ടക്കാരെ കൈയയച്ച് സഹായിക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിക്കുകയായിരുന്നു. എന്നാല്‍, വ്യക്തമായ തെളിവുകളുടെ അടിസഥാനത്തിലാണ് ഇക്കുറി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഫിഫ ആസ്ഥാനത്ത് നടക്കാനിരുന്ന മാധ്യമ സമ്മേളനം പെട്ടെന്ന് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ബ്ലാറ്ററെ ചോദ്യം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. ബ്ലാറ്ററുടെ അഭിഭാഷകന്‍ റിച്ചാഡ് കല്ലനോട് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തലിനെക്കുറിച്ച് ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

KCN

more recommended stories