ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരം രാത്രി ഏഴിന്

ധർമശാല (ഹിമാചൽപ്രദേശ്): രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം വെള്ളിയാഴ്ച. ഹിമാചലിലെ ധർമശാല സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി-20 മത്സരം രാത്രി ഏഴിന് തുടങ്ങും. ഇരുടീമുകൾക്കും ഇത് റിഹേഴ്സലാണ്. 2016-ൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പ്. അടുത്തവർഷത്തെ ലോകകപ്പിൽ കളിക്കുന്ന ടീം എന്തായിരിക്കണമെന്ന അന്വേഷണം ഇവിടെ തുടങ്ങുന്നു.

കഴിഞ്ഞദിവസം നടന്ന ട്വന്റി-20 സന്നാഹമത്സരത്തിൽ ഇന്ത്യയുടെ എ ടീമിനോട് തോറ്റതിന്റെ ക്ഷീണമുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. സന്ദർശകർ സീനിയർ ടീമിനെ ഇറക്കിയപ്പോൾ ഇന്ത്യ സീനിയർ ടീമിൽ സ്ഥിരസാന്നിധ്യമായ ഒരാൾപോലുമില്ലാതെയാണ് 190 റൺസ് ചേസ് ചെയ്ത് ജയിച്ചത്.

ഇന്ത്യൻ ക്യാപ്റ്റൻ ധോനി ചെറിയ ഇടവേളയ്ക്കുശേഷമാണ് കളിക്കാനിറങ്ങുന്നത്. ബംഗ്ലാദേശിൽ നടന്ന മത്സരത്തിനുശേഷം ധോനി വിശ്രമത്തിലാണ്. ടെസ്റ്റ് ക്യാപ്റ്റൻസി വിരാട് കോലിക്ക് കൈമാറിയശേഷം സ്വയം പുതുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ധോനി ടീം ഇന്ത്യയുടെ നായകനായി ഇനി എത്രനാൾ എന്ന ചോദ്യം കേട്ടുതുടങ്ങി. അതിനുള്ള ഉത്തരംകൂടിയാകും ഈ പരമ്പര. ബാറ്റിങ് ഓർഡറിൽ ധോനി നാലാമതോ അഞ്ചാമതോ ഇറങ്ങാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഫിനിഷറുടെ റോൾ മറ്റൊരാൾ ഏറ്റെടുക്കേണ്ടിവരും.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നാടാണെങ്കിലും ട്വന്റി-20 മത്സരം കളിക്കുന്നതിൽ ഇന്ത്യ പിറകിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിച്ചത്. സിംബാബ്വെക്കെതിരെയായിരുന്നു രണ്ടു മത്സരങ്ങളും. ടീം എന്നനിലയിൽ മത്സരപരിചയമില്ലാത്തത് ഇന്ത്യയുടെ പരിമിതിയാകും. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോഡാണുള്ളത്. ആകെ കളിച്ച എട്ടു ടി-20 മത്സരങ്ങളിൽ ആറിലും ഇന്ത്യ ജയിച്ചു.

ഇന്ത്യയ്ക്ക് ഏകദിനത്തിനും ട്വന്റി-20യ്ക്കും ഒരേ ടീമാണെങ്കിൽ മൂന്നു ഫോർമാറ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് വ്യത്യസ്ത ടീമും വെവ്വേറെ നായകന്മാരുമാണ്. ടെസ്റ്റിൽ ഹാഷിം ആംലയും ഏകദിനത്തിൽ എ.ബി. ഡിവില്ലിയേഴ്സും ടി-20യിൽ ഫാഫ് ഡുപ്ലെസിയുമാണ് സന്ദർശകരെ നയിക്കുന്നത്. എ.ബി. ഡിവില്ലിയേഴ്സ്, ഹാഷിം ആംല, ക്വിന്റൺ ഡി കോക്ക്, ജെ.പി. ഡുമിനി, ഇമ്രാൻ താഹിർ തുടങ്ങിയ പ്രമുഖതാരങ്ങൾ ടീമിലുണ്ട്.

ഇന്ത്യയുടേത് സന്തുലിതമായ ടീമാണ്. ടി-20യിൽ മികച്ച റെക്കോഡുള്ള സുരേഷ് റെയ്നയും കോലിയും ബാറ്റിങ്ങിൽ കരുത്താണ്. സ്പിൻ ബൗളിങ്ങിൽ അശ്വിനൊപ്പം ഇടംനേടാൻ അക്ഷർ പട്ടേലും മോഹിത് ശർമയും മത്സരിക്കും. എ ടീമിനുവേണ്ടിയുള്ള സമീപകാല പ്രകടനം അക്ഷറിന് തുണയാകും. പേസ് ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ, മോഹിത് ശർമ എന്നിവർക്കൊപ്പം പുതുതായി ടീമിലെത്തിയ എസ്. അരവിന്ദുമുണ്ട്.

KCN

more recommended stories