ലോകകപ്പ്: പ്രതീക്ഷിത വരുമാനം 2,770 കോടി ഡോളര്‍

wld cup

സാവോ പോളോ(ബ്രസീല്‍): ജൂണിലാരംഭിക്കുന്ന ബ്രസീല്‍ 2014 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രതീക്ഷിത വരുമാനം 2,770 കോടി ഡോളര്‍(1.67 ലക്ഷം കോടി രൂപ)യായിരിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാറിന്റെ കണക്ക്. 2013-ല്‍ രാജ്യത്ത് നടന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍നിന്ന് ലഭിച്ച വരുമാനത്തിന്റെ മൂന്നിരട്ടി വരുമിത്.

കോണ്‍ഫെഡറേഷന്‍ കപ്പിന്റെ വിജയത്തെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിഫലനത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തെ വിനോദസഞ്ചാര വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രസീല്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് ലോകകപ്പിലൂടെ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന വന്‍തുകയുടെ കണക്ക് പുറത്തുവിട്ടത്.

ജൂണ്‍ 12 മുതല്‍ ഒരുമാസം നീളുന്ന ലോകകപ്പ് മത്സരങ്ങളില്‍ നിന്നുമാത്രം 920 കോടി ഡോളര്‍(55,235 കോടി രൂപ) ആണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ, പൊതുമേഖലകളില്‍നിന്ന് ലോകകപ്പ് സംഘാടകസമിതിയും വിനോദ സഞ്ചാരികളും രാജ്യത്ത് 490 കോടി ഡോളര്‍(29,419 കോടി രൂപ) ) ചെലവഴിക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണനമാവും ബാക്കി 432 കോടി ഡോളര്‍ ബ്രസീല്‍ സമ്പദ്ഘടനയില്‍ എത്തിക്കുക.

നാഷണല്‍ ബിസിനസ് കോണ്‍ഫെഡറേഷന്‍ ഓഫ് ഗുഡ്‌സ്, സര്‍വീസസ് ആന്‍ഡ് ടൂറിസം(സി.എന്‍.സി.) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 47,900 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ടൂര്‍ണമെന്റ് സമയത്ത് ഫുട്‌ബോള്‍ പേമികളും വിനോദസഞ്ചാരികളുമായി 36 ലക്ഷം പേര്‍ ബ്രസീലിലെത്തുമെന്നാണ് പ്രതീക്ഷ.

ഇത്രയധികം ആളുകളുടെ താമസം, ഭക്ഷണം, ഗതാഗതം, സാംസ്‌കാരികമായും മറ്റുമുള്ള സേവനങ്ങള്‍ എന്നിവയാണ് അധിക തൊഴിലവസരമുണ്ടാക്കുകയെന്ന് സി.എന്‍.സി. അധികൃതര്‍ പറഞ്ഞു. 2014-ല്‍ രാജ്യത്ത് ലഭ്യമാവുന്ന മൊത്തം തൊഴിലവസരങ്ങളുടെ 35.2 ശതമാനവും ലോകകപ്പുമായി ബന്ധപ്പെട്ടായിരിക്കും. പുതിയ തൊഴിലവസരങ്ങളുടെ 52 ശതമാനം ഉദ്ഘാടനമത്സരം നടക്കുന്ന സാവോ പോളോയും ഫൈനല്‍ നടക്കുന്ന റിയോ ഡി ജെനെയ്‌റോയും കേന്ദ്രീകരിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

KCN

more recommended stories