മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പു, ഉദുമയില്‍ കെ കുഞ്ഞിരാമന്‍, തൃക്കരിപ്പൂരില്‍ എം . രാജഗോപാല്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍; കാസര്‍കോട് ഐ എന്‍ എല്ലിനു തന്നെ

ksd voteനിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ സി പി എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജില്ലാ കമ്മിറ്റി നിശ്ചയിച്ചു. തൃക്കരിപ്പൂരില്‍ എം രാജഗോപാലും ഉദുമയില്‍ സിറ്റിംഗ് എം എല്‍ എ കെ കുഞ്ഞിരാമനും മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവും സ്ഥാനാര്‍ത്ഥികളായി മത്സരിക്കും.

ഐ എന്‍ എല്‍ വേണ്ടെന്നുപറഞ്ഞ കാസര്‍കോട് സീറ്റ് അവര്‍ക്കുതന്നെ നല്‍കാനാണ് സി പി എമ്മിന്റെ തീരുമാനം. കാസര്‍കോടിന് പകരം ഐ എന്‍ എല്‍ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഐ എന്‍ എല്ലിന്റെ ഈ ആവശ്യം തള്ളിക്കൊണ്ടാണ് സി പി എം മത്സരിക്കുന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം സി പി എം സംസ്ഥാന കമ്മിറ്റിയായിരിക്കും നടത്തുക. ഐ എന്‍ എല്‍  കാസര്‍കോട് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിന്നീട് സി പി എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഡി വൈ എഫ് ഐ നേതാവ് സിജി മാത്യുവിനെ മത്സരിപ്പിക്കാനായിരിക്കും സി പി എം തയ്യാറാവുക.

തിങ്കളാഴ്ച രാവിലെചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്. തൃക്കരിപ്പൂരില്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്ററേയും എം രാജഗോപാലനേയുമാണ് പരിഗണിച്ചത്. ഒടുവില്‍ നറുക്ക് രാജഗോപാലിന് ലഭിക്കുകയായിരുന്നു. ഉുദമയില്‍ കെ കുഞ്ഞിരാമന് പുറമെ ഡി വൈ എഫ് ഐ നേതാവ് മണികണ്ഠനേയും പരിഗണിച്ചിരുന്നു. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഉദുമയില്‍ ഉറപ്പായതോടെ കെ കുഞ്ഞിരാമനെതന്നെ മത്സരിപ്പിക്കാന്‍ സി പി എം തയ്യാറാവുകയായിരുന്നു.

മഞ്ചേശ്വരത്ത് ശങ്കര്‍ റൈയുടെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നത്. മഞ്ചേശ്വരം മുന്‍ എം എല്‍ എ ആയിരുന്ന സി എച്ച് കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാന്‍ ഒടുവില്‍ സി പി എം തീരുമാനിക്കുകയായിരുന്നു. കുഞ്ഞമ്പു മത്സരരംഗത്തുനിന്നും മാറിനില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മഞ്ചേശ്വരത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെതന്നെ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെടുമെന്ന വിലയിരുത്തല്‍ ഉണ്ടായതോടെയാണ് സി എച്ച് കുഞ്ഞമ്പുവിനെ വീണ്ടും കളത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ഉദുമയിലും തൃക്കരിപ്പൂരിലും മഞ്ചേശ്വരത്തുമായിരിക്കും തീപാറുന്ന മത്സരം നടക്കുക.

KCN

more recommended stories