മൊബൈൽ ഫോട്ടോഗ്രാഫിയിലെ പുതുതരംഗമാകാൻ ഹുവായി പി 9

huwaiഏപ്രിൽ 6 ന് ഹുവായ് പുറത്തിറക്കുമെന്ന് വ്യക്തമായ പി 9 എന്ന മുൻനിര സ്മാർട്ട് ഫോണിന് ഇരട്ട കാമറകളാകും പ്രധാന കാമറ മൊഡ്യൂളായി പ്രവർത്തിക്കുക എന്നതാണ് ഏറെ ശ്രദ്ധേയമായ പ്രത്യേകത. നേരത്തേ മാർച്ച് 9 ന് ജർമ്മനിയിലെ ബർലിനിൽ വച്ച് പുറത്തിറക്കുമെന്ന് കരുതിയ ഫോൺ മികച്ച സ്റ്റോറേജ്, വലിയ സ്ക്രീൻ, ഉയർന്ന റാം എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്. 12 മെഗാ പിക്സലിന്റെ ഇരട്ട പിൻ കാമറകളുമായി എത്തുന്ന ഹുവായ് പി 9 ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്നതിനായി പോസ്റ്റ് കാപ്ചറിംഗ് റീ ഫോക്കസ്, സിമുലേറ്റഡ് അപേർചർ അഡ്ജസ്റ്റ്മെന്റ് തുടങ്ങിയ പ്രത്യേകതകൾ ഉൾപ്പെടുത്തിയാകും വിപണിയിൽ എത്തുന്നത്. ഇതിനകം തന്നെ പി 9 ന്റെ പുറത്തു വന്ന ചിത്രങ്ങളിൽ ഇരട്ട കാമറകൾ ഉപയോഗിച്ചിരിക്കുന്നത് വ്യക്തമാണ്. ഇരട്ട കാമറകളുടെ ഉപയോഗ രീതി വ്യക്തമല്ലെങ്കിലും വൈഡ് ആംഗിൾ ഫോട്ടോകൾ എടുക്കുന്നതിനും, പകർത്തിയ ചിത്രത്തിലെ ഫോക്കസ് പോയിന്റ് മാറ്റി വീണ്ടും ചിത്രം പകർത്തുവാനും ഈ കാമറകൾ സഹായിക്കുമെന്ന് കരുതുന്നു. ഫോണിന് പിന്നിലായി ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചെത്തുന്ന ഹുവായ് പി 9 സ്മാർട്ട് ഫോൺ സി-ടൈപ്പ് യു.എസ്.ബി പോർട്ട് സഹിതമാണ് വിപണിയിലെത്തുന്നത്. കിരിൻ 950 പ്രോസസർ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്ന ഹുവായ് പി 9 സ്മാർട്ട് ഫോണിന് 4 ജിബി റാമാണ് പ്രതീക്ഷിക്കുന്നത്. 2.3 ജിഗാ ഹെട്സ് വേഗതയിൽ പ്രവർത്തിക്കുന്ന ഈ പ്രോസസർ പി9 ഫോണിനെ വിപണിയിലെ കരുത്തനാക്കും കൂടാതെ പ്രോസസറിനൊപ്പം പ്രവർത്തിക്കുന്ന മാലി ടി 880 ജി.പി.യു ഫോണിനെ മികച്ച ഗെയിമിംഗ് ഡിവൈസ് ആക്കി മാറ്റും. 32 ജിബി ആന്തരിക സ്റ്റോറേജ് പ്രതീക്ഷിക്കുന്ന ഫോണിന് 3900 എം.എ.എച്ച് ബാറ്ററിയാകും ഊർജ്ജം പകരുന്നത്. ഹുവായി പി9 സ്മാർട്ട് ഫോൺ, ബിസിനസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ടൂ-ഇൻ-വൺ ടാബ്ലറ്റ് പിസി എന്നിവ ഫെബ്രുവരി 22 മുതൽ 25 വരെ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ ഹുവായി അവതരിപ്പിച്ചിരുന്നു. സാംസങ്ങിനും ആപ്പിളിനും തൊട്ടുപിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന ഖ്യാതി നേടിയ ഹുവായിയുടെ പി9 സ്മാർട്ട്‌ഫോൺ കഴിഞ്ഞ വർഷം വിപണിയിലെത്തിയ പി8 സ്മാർട്ട്‌ഫോണിന്റെ പിൻഗാമിയായാണ്‌ മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ അവതരിപ്പിക്കപ്പെട്ടത്.

KCN

more recommended stories