പ്രകൃതിക്കു കാവലായി ക്യാമറകൾ വരുന്നു

ra asal khaimaറാസൽഖൈമ∙ ഗതാഗതസുരക്ഷയ്ക്കു മാത്രമല്ല, പ്രകൃതിസുരക്ഷയ്ക്കും ക്യാമറകൾ വരുന്നു. പരിസ്ഥിതിക്കു പരുക്കേൽക്കുന്ന പ്രവണതകൾ തടയാൻ റാസൽഖൈമ പരിസ്ഥിതി സംരക്ഷണ വകുപ്പാണു ക്യാമറകൾ ഘടിപ്പിക്കുന്നത്. റാസൽഖൈമയിലെ ആറ് സിമന്റ് ഫാക്ടറികൾ ഇനി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. കൂടാതെ 20 കല്ല്ക്വാറികളിലേക്കും ക്യാമറക്കണ്ണുകൾ നീളും. വ്യവസായ ശാലകളും ഇതര സ്ഥാപനങ്ങളും പ്രകൃതിക്കു പോറൽ ഏൽപ്പിക്കുന്ന വിധം പ്രവർത്തിക്കുന്നത് തടയാനാണ് ക്യാമറകൾ വിന്യസിക്കുന്നതെന്ന് പരിസ്ഥിതി സുരക്ഷാ ക്ഷേമ വകുപ്പ് തലവൻ ഡോ. സൈഫ് അൽഗയ്‌സ് പറഞ്ഞു. രാവും പകലും നടക്കുന്ന നിയമ ലംഘനങ്ങൾ പിടികൂടാൻ കഴിയുന്ന ക്യാമറകളാണ് പരിസ്ഥിതി പ്രശ്‌നങ്ങൾ നിയന്ത്രിക്കാനായി സ്ഥാപിക്കുന്നത്. ഒരു മാസം തുടർച്ചയായി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകളാണിത്. പ്രതിമാസം ക്യാമറകൾ പരിശോധിച്ച് നിയമലംഘകരെ പിടികൂടും. അനധികൃതമായുള്ള ക്വാറി ഇടപാടുകളും ഖരമാലിന്യങ്ങൾ തള്ളുന്ന വിധം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്രവൃത്തികളും പിടികൂടി നിയമലംഘകരെ ശിക്ഷിക്കും. സകല സിമന്റ് ഫാക്ടറികളും അവരുടെ അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കാൻ ഗോഡൗണുകൾ നിർമിക്കണമെന്ന് ഡോ. സൈഫ് നിർദേശിച്ചു. സിമന്റ് ഫിൽറ്ററുകൾ ഉപയോഗിച്ച് നിർമാണം നിയന്ത്രിക്കണം. ഫാക്ടറികൾ ഉൽപാദിപ്പിക്കുന്ന സിമന്റിന്റെ തോതും അധികൃതർ നിരീക്ഷിക്കും. മണ്ണും പൊടിയും കല്ലും ഖരപദാർഥങ്ങളും പൊതുസ്ഥലങ്ങളിൽ തള്ളുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ക്വാറികളിൽനിന്നും പൊടിപാറുന്നതു തടയാൻ നീക്കാൻ കഴിയുന്ന തരത്തിലുള്ള ബെൽറ്റുകൊണ്ട് ആവരണം ഇടണം. കൽപൊടികൾ പാറുന്നത് തടയുന്ന വിധമായിരിക്കണം കരിങ്കൽ ക്വാറിയിലെ ജോലികൾ. ക്വാറികൾക്ക് പുറമേ കടൽതീരങ്ങളിലും ക്യാമറകൾ കൊണ്ടുവരും. മൽസ്യബന്ധന ബോട്ടുകളുടെ കവർച്ച തടയാനാണ് തുറമുഖങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് ഡോ. സൈഫ് വെളിപ്പെടുത്തി.

KCN

more recommended stories