സുനന്ദയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. അഡീഷണല്‍ കമ്മീഷണര്‍ (ക്രൈം) രവീന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്ന് ഡല്‍ഹി പോലീസ് വക്താവ് രാജന്‍ ഭഗത് പറഞ്ഞു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്ന് പോലീസിനോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് (എസ്.ഡി.എം.) ആവശ്യപ്പെട്ടിരുന്നു.
വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചതെന്നും ദേഹത്ത് ക്ഷതങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹതകളേറിയിരുന്നു. രണ്ടുദിവസം മുമ്പാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ എസ്.ഡി.എം അലോക് ശര്‍മ പോലീസിന് റിപ്പോര്‍ട്ട് കൈമാറിയത്. എങ്ങനെയാണ് വിഷം ഉള്ളില്‍ച്ചെന്നതെന്ന് അന്വേഷിക്കണമെന്ന് പോലീസിനോട് എസ്.ഡി.എം. ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യ, കൊലപാതകം, അപകടമരണം എന്നിവയാകാം മരണകാരണമെന്ന് എസ്.ഡി.എമ്മിന്റെ റിപ്പോര്‍ട്ടിലുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് ‘പതിവ്’ നടപടിക്രമം മാത്രമാണെന്ന് രാജന്‍ ഭഗത് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി ലീല പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മരുന്നുകളാണ് സുനന്ദ കഴിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്രാസോലം, എക്‌സിഡ്രിന്‍ എന്നിവയാണിവ. അസിറ്റാമിനോഫിന്‍, ആസ്പിരിന്‍, കഫീന്‍ എന്നിവയുടെ സംയുക്തമാണ് വേദനസംഹാരിയായ എക്‌സിഡ്രിന്‍. ഇതിന്റെ അമിതോപയോഗം കരളിനെ ദുര്‍ബലപ്പെടുത്തും. ആസ്പിരിന്‍ അധികം കഴിച്ചാല്‍ കുടലില്‍ രക്തസ്രാവത്തിനും കാരണമായേക്കാം. അസിറ്റാമിനോഫിന്റെ അമിത ഉപയോഗം മരണത്തിനുവരെ വഴിവെച്ചേക്കാവുന്നതാണ്. അല്‍പ്രാസോലത്തിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദം കുറയല്‍ , ശ്വാസതടസ്സം എന്നിവയ്ക്ക് ഇടയാക്കിയേക്കാം.
വെള്ളിയാഴ്ച സുനന്ദ ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായത്. ഹോട്ടലില്‍ പോലീസ് നടത്തിയ പ്രാഥമികാ ന്വേഷണത്തിലും സുനന്ദ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നെങ്കിലും കഴിച്ചിട്ടില്ലെന്നാണ് മനസ്സിലായത്.
സുനന്ദയുടെ ശരീരത്തില്‍ ഒരുഡസനോളം ക്ഷതങ്ങളേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനു പുറമെ, ഇടത്തെ കൈയില്‍ കടിയേറ്റ പാടുള്ളതായും പറയുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ മുറിവുകളും ക്ഷതങ്ങളുമുണ്ടായത്. എന്നാല്‍ ഇവയൊന്നും മരണത്തിന് കാരണമാകുന്നതല്ലെങ്കിലും മല്‍പ്പിടിത്തം നടന്നതിന്റെ സൂചനകളായി പോലീസ് കണക്കാക്കുന്നു.
സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വരാന്‍ ഇനിയും വൈകുമെന്നറിയുന്നു. ഇത് പുറത്തുവരുന്നതോടെ മരണകാരണം കൂടുതല്‍ വ്യക്തമാകും. ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്തതോടെ മന്ത്രി ശശി തരൂരിനെയും അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ളവരെയുമുള്‍പ്പെടെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
തരൂരിന്റെയും സുനന്ദയുടെ ബന്ധുക്കളുടെയും മൊഴി നേരത്തേ എസ്.ഡി.എം. രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രാ മധ്യേയും പിന്നീട് മരിക്കുന്ന ദിവസം പുലര്‍ച്ചെ നാലരവരെയും സുനന്ദയും തരൂരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ജീവനക്കാരന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തരൂരിനെ പിന്തുണച്ച് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ രംഗത്തെത്തിയിരുന്നു.

KCN

more recommended stories