‘FCRA ബില്ലില്‍ അടിയന്തര ഇടപെടല്‍ വേണം’; അമിത് ഷായ്ക്കും എംപിമാര്‍ക്കും നിവേദനം നല്‍കി സിബിസിഐ

‘FCRA ബില്ലില്‍ അടിയന്തര ഇടപെടല്‍ വേണം’; അമിത് ഷായ്ക്കും എംപിമാര്‍ക്കും നിവേദനം നല്‍കി സിബിസിഐ

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാര്‍ക്കും നിവേദനം നല്‍കി സിബിസിഐ. വിശദ പരിശോധനയ്ക്കായി ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്നും പരാതികള്‍ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സിബിസിഐ നിവേദനം നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്നാണ് സിബിസിഐ നിലപാട്. ലോക്‌സഭയില്‍ ഈ മാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിന്‍മേല്‍ നാളെ ചര്‍ച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാല്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബില്‍ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നല്‍കി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോള്‍ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എന്‍ജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമര്‍ശിച്ചു

അതേസമയം എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും രംഗത്തെത്തി. എഫ്സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. ‘സംഘപരിവാര്‍ ആക്രമണങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം, എഫ്സിആര്‍എ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല’ എന്നും മുഖപ്രസംഗത്തില്‍ പരിഹാസം.

എഫ്സിആര്‍എ നിയമഭേദഗതിയില്‍ ആശങ്കയുണ്ടെന്ന് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ബില്ലില്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യമില്ലെന്നും ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഈ ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് പറയുമ്പോഴും ക്രൈസ്തവ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക വര്‍ധിക്കുകയാണ്. എഫ്സിആര്‍എ നിയമഭേദഗതിയുടെ ഭാഗമായി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll to Top