നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കി. പൊതു-സ്വകാര്യ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 3,773 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ സിംഹഭാഗവും പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങളാണ്. ആകെ 3,606 കേസുകളാണ് പൊതുസ്ഥലങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ 1,863 പോസ്റ്ററുകള്‍, 277 ബാനറുകള്‍, 198 ചുവരെഴുത്തുകള്‍, 1,268 മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. രേഖപ്പെടുത്തിയവയില്‍ 3,597 ലംഘനങ്ങളും അധികൃതര്‍ ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു. നിയമലംഘനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ അനുമതിയില്ലാതെ പ്രചാരണ സാമഗ്രികള്‍ സ്ഥാപിച്ചതിന് 167 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 89 പോസ്റ്ററുകളും 24 ബാനറുകളും 15 ചുവരെഴുത്തുകളും 39 മറ്റ് പ്രചാരണ സാമഗ്രികളും ഉള്‍പ്പെടുന്നു. ഇതില്‍ 159 ഇടങ്ങളിലെ അനധികൃത വസ്തുക്കള്‍ സ്‌ക്വാഡുകള്‍ നേരിട്ടെത്തി നീക്കം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.വി. ശ്രുതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.




