നിയമസഭ തെരഞ്ഞെടുപ്പ് ; ഉദുമ, മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെവോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ ആരംഭിച്ചു . ആദ്യഘട്ടത്തില്‍ ബുധനാഴ്ച ഉദുമ മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിങ്ങാണ് ആരംഭിച്ചത്.. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും ഉദുമ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല സ്‌കൂളില്‍ വെച്ചുമാണ് കമ്മീഷനിംഗ് നടന്നത്.വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നത്..വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി അഞ്ച് ശതമാനം ഇ.വി.എമ്മുകളില്‍ മോക് പോള്‍ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു.കമ്മീഷനിംഗ് പൂര്‍ത്തിയായ ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങള്‍ ഏപ്രില്‍ എട്ടിനു പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കുകയുള്ളൂ . ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്.വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തില്‍ തന്നെ സ്വീകരിക്കും. അന്ന് രാത്രി തന്നെ പ്രത്യേകം സ്ട്രോംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എം യന്ത്രങ്ങള്‍ സൂക്ഷിക്കും. കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രില്‍ 9 മുതല്‍ മെയ് നാല് വരെ വരെ യന്ത്രങ്ങള്‍ സൂക്ഷിക്കുക. പൂര്‍ണ്ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ഈ മേഖല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇ.വി.എം കമ്മീഷനിംഗ് നേതൃത്വം നല്‍കി.ഇ.വി.എം കമ്മീഷനിംഗ് മണ്ഡലം തലത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വരണാധികാരി എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി പിരഘു മണി , ഉദുമ മണ്ഡലത്തില്‍ വരണാധികാരി എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് ഇന്ന് (ഏപ്രില്‍ രണ്ടിന്) കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും.

Scroll to Top