പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് ഷെല്‍; പെട്രോള്‍ ലിറ്ററിന് 7.41രൂപയും ഡീസല്‍ ലിറ്റനിന് 25.01 രൂപയും കൂട്ടി


പെട്രോള്‍ ഡീസല്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ച് ഷെല്‍ എണ്ണക്കമ്പനി

ബെംഗളൂരു: സ്വകാര്യ എണ്ണക്കമ്പനിയായ നയാരയ്ക്ക് പുറകെ പെട്രോള്‍ ഡീസല്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ച് ഷെല്‍ എണ്ണക്കമ്പനിയും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്വകാര്യ എണ്ണക്കമ്പനിയായ ഷെല്‍ പെട്രോള്‍ ഡീസല്‍ ഇന്ധനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇന്നാണ് വര്‍ദ്ധിപ്പിച്ച എണ്ണവില ഷെല്‍ അറിയിച്ചത്. ബെംഗളൂരുവിലെ വിലയനുസരിച്ച് പെട്രോള്‍ ലിറ്ററിന് 7.41 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് പെട്രോള്‍ വില 119.8 ആയി ഉയര്‍ന്നു. അതേസമയം പവര്‍ പെട്രോളിന്129.85 രൂപയാണ്. ഡീസല്‍ വിലയും ഷെല്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 25.01 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 123.52 രൂപയായി. പ്രീമിയം ഡീസലിന് 133.52 രൂപ നല്‍കേണ്ടിവരും.

കഴിഞ്ഞാഴ്ച്ചയാണ് സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയും കൂട്ടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില കൂട്ടിത്. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഇന്ധന പ്രതിസന്ധി നേരിടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വെട്ടിക്കുറച്ച് ഉത്തരവിറക്കിയിരുന്നു. 10 രൂപയുടെ നികുതിയിളവാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ പെട്രോള്‍ ഇന്ധന നികുതി 3 രൂപയായും ഡീസലിന്റെ നികുതി പൂര്‍ണ്ണമായും കുറഞ്ഞിരുന്നു. സ്വകാര്യ കമ്പനികള്‍ എണ്ണ വില വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും പൊതുമേഖല എണ്ണക്കമ്പനികള്‍ ഇതുവരെയും എണ്ണവിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

Scroll to Top