സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം; കസബ തീരത്ത് ആവേശമായി ബീച്ച് ഫുട്‌ബോള്‍*

തീരദേശത്തെ ആവേശത്തിലാഴ്ത്തി കുടുംബശ്രീ ജില്ലാ മിഷന്റെ ‘വോട്ടായനം 2026’ ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കസബ കടപ്പുറത്ത് തുടക്കമായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പന്ത് തട്ടിക്കൊണ്ട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സമ്മതിദായകാവകാശം പൂര്‍ണമായി ഉപയോഗിക്കാനും എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകാനുമാണ് സ്വീപ് ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

ആകെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. പോലീസ് ടീം കാസര്‍കോട്, കുടുംബശ്രീ കാസര്‍കോട്, റീമര്‍ ഉദുമ പടിഞ്ഞാര്‍, റോവേഴ്‌സ് കടപ്പുറം, ബ്ലേസ് തളങ്കര, കാസര്‍കോട് ഫുട്‌ബോള്‍ അക്കാദമി എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്. പോലീസ് ടീം കാസര്‍കോടും റീമര്‍ ഉദുമ പടിഞ്ഞാറും തമ്മിലായിരുന്നു ആദ്യ മത്സരം. കാസര്‍കോട് കസബ കടപ്പുറത്തെ മണല്‍പ്പരപ്പില്‍ വൈകുന്നേരം നാല് മണിയോടെ മത്സരങ്ങള്‍ ആരംഭിച്ചു.

സ്വീപ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.പി. അനുശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.കുടുംബശ്രീ എ.ഡി.എം.സി ഡി. ഹരിദാസ് സ്വാഗതവും കുടുംബശ്രീ ഡി.പി.എം. എസ്. മനു നന്ദിയും രേഖപ്പെടുത്തി. ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘സ്വീപ്’ ക്യാമ്പയിന്റെ ഭാഗമായാണ് ബീച്ച് ഫുട്‌ബോള്‍ സംഘടിപ്പിച്ചത്.

Scroll to Top