എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് സംസ്ഥാന സമ്മര്‍ ഗൈഡ് ക്യാമ്പയിന് മൊഗ്രാല്‍ പുത്തൂരില്‍പ്രൗഢ തുടക്കം

അവധിക്കാലം അറിവും മൂല്യബോധവും വളര്‍ത്താന്‍ ഉപയോഗിക്കണം: ഇര്‍ഷാദ് ഹുദവി ബെദിര

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ അവധിക്കാലം വെറും വിനോദത്തിനും അലസതയ്ക്കുമായി ചെലവഴിക്കാതെ അറിവും മൂല്യബോധവും സാമൂഹിക ഉത്തരവാദിത്തവും വളര്‍ത്തുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ”ട്രെന്‍ഡ് സമ്മര്‍ ഗൈഡ്” കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സമൂഹത്തില്‍ യുവതലമുറ നേരിടുന്ന വിവിധ വെല്ലുവിളികളെ അതിജീവിക്കാന്‍ മതപരമായ ബോധവും നന്മയുടെ മൂല്യങ്ങളും വ്യക്തിത്വ വികസനവും അനിവാര്യമാണെന്നും, വിദ്യാര്‍ത്ഥികളുടെ അവധിക്കാലം അതിനുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകജ്ഞാനത്തിനൊപ്പം ജീവിത മൂല്യങ്ങള്‍, സമൂഹബോധം, സഹജീവിത ബോധം എന്നിവ വളര്‍ത്താന്‍ സഹായിക്കുന്ന ഇത്തരം ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ട്രെന്‍ഡ് സമ്മര്‍ ഗൈഡ് ക്യാമ്പ് സംസ്ഥാനത്തെ വിവിധ എസ്.കെ.എസ്.എസ്.എഫ് ശാഖകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ നന്മയുടെ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മതപരവും സാമൂഹികവുമായ ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യക്തിത്വ വികസന പരിശീലനങ്ങള്‍, പഠന സഹായ പരിപാടികള്‍, കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
ട്രെന്‍ഡ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജംശീര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ സ്വഫ്വാന്‍ ദാരിമി സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി നിഷാദ് മാസ്റ്റര്‍ ചാലാട് ക്ലാസിന് നേതൃത്വം നല്‍കി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അജാസ് കുന്നില്‍, മുഹമ്മദ് അറഫാത്ത്, സഫ്വാന്‍ മൊഗര്‍, ആഷിഖ് മൊഗര്‍, ബീരാന്‍ ഷാനിദ് മൊഗര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ എസ്.കെ.എസ്.എസ്.എഫ് ശാഖകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ട്രെന്‍ഡ് സമ്മര്‍ ഗൈഡ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll to Top