നിയമസഭാ തിരഞ്ഞെടുപ്പ് 2026;പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി

2026 നിയമസഭാ തിരഞ്ഞെടുപ്പ് സുഗമവും കുറ്റമറ്റതുമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിവന്ന വിപുലമായ പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി.
ഫെബ്രുവരി ഒമ്പത് മുതലാണ് പരിശീലനം ആരംഭിച്ചത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് ടീം, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, സെക്ടര്‍ ഓഫിസര്‍മാര്‍, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കി.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചത്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി ആദ്യ ഘട്ടത്തില്‍ 3,250 പേരും രണ്ടാം ഘട്ടത്തില്‍ 5,550 പേരും പരിശീലനം പൂര്‍ത്തിയാക്കി. മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളില്‍ ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്, ഉദുമ നിയോജകമണ്ഡലത്തില്‍ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്.എന്‍ പോളിടെക്നിക് കോളേജ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂരില്‍ തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ്
എന്നിവിടങ്ങളായിരുന്നു പ്രധാന പരിശീലന കേന്ദ്രങ്ങള്‍. ഓരോ ഉദ്യോഗസ്ഥന്റെയും ചുമതലകള്‍ കൃത്യമായി മനസ്സിലാക്കുന്നതിനും പോളിംഗ് ദിനത്തിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഈ പരിശീലന പരിപാടികള്‍ സഹായകമാകുമെന്ന് പരിശീലന വിഭാഗം നോഡല്‍ ഓഫീസറും റവന്യൂ റിക്കവറി തഹസീല്‍ദാറുമായ കെ. ബി. രാമു പറഞ്ഞു.

രണ്ടാംഘട്ടത്തില്‍ ഹാജരാകാത്ത പോളിംഗ് ഓഫീസര്‍മാര്‍ക്കും ഏപ്രില്‍ ആറിന് കലക്ടറേറ്റില്‍ ട്രെയിനിങ് നടത്തും. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ എട്ടിന് കൂടുതലായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റില്‍ ഏപ്രില്‍ ഏഴിന് രാവിലെ 10ന് ട്രെയിനിങ് നടത്തും. ഡിസ്ട്രിബ്യൂഷന്‍, റിസപ്ഷന്‍ സെന്ററില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴിന് അതത് ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ ട്രെയിനിങ് നടത്തുന്നതാണ്. അതാത് നിയോജകമണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്കും,ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും സംശയ നിവാരണത്തിനും പ്രത്യേക ഓണ്‍ലൈന്‍ സെഷന്‍ ഏപ്രില്‍ ഏഴിന് നടത്തും. നിയോജകമണ്ഡലത്തിലെ മൈക്രോ ഒബ്സര്‍മാര്‍ക്കും, പ്രിസൈഡിങ് ഓഫീസര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ എട്ടിന് രാവിലെ അന്തിമ അതാത് നിയോജകമണ്ഡലത്തില്‍ തന്നെ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ നടക്കുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നിരീക്ഷകരും ജില്ലാ കളക്ടറും സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. ഇതിനുപുറമെ കേന്ദ്ര നിരീക്ഷകരും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. നിരീക്ഷകനായ ധ്യാനേശ്വര്‍ കൊണ്ടിബാഹു കിലാരി ഐ.എ.എസ് ഉദുമ മണ്ഡലത്തില്‍ നടന്ന പരിശീലനവും, നിരീക്ഷകനായ വിജയ് ബാലകൃഷ്ണ വാഗ്മാരെ ഐ.എ.എസ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലുമാണ് സന്ദര്‍ശനം നടത്തിയത്.

Scroll to Top