ഗള്‍ഫില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; യുഎഇയില്‍ ടെലികോം കമ്പനിക്ക് നേരെ ആക്രമണം

ഗള്‍ഫില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; യുഎഇയില്‍ ടെലികോം കമ്പനിക്ക് നേരെ ആക്രമണം

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ ടെലികോം കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. സൗദി അറേബ്യയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഊര്‍ജ കേന്ദ്രത്തിന് നാശനഷ്ടമുണ്ടായി. അതിനിടെ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ ആശങ്കയിലാണ് ലോകം.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസം 28ന് തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ് ഇറാന്‍. യുഎഇയില്‍ ഷാര്‍ജയിലെ ടെലികോം കമ്പനിക്ക് നേരെ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. അല്‍ തുറയ്യ മേഖലയിലെ റിജിയണല്‍ ഓഫീസിന് നേരെയായിരുന്നു ആക്രമണം. 11 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് തകര്‍ത്തത്.

ഇറാന്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 2,221 ഡ്രോണുകളും 520 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും യുഎഇ നേരിട്ടു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും ഇറാന്‍ ഇന്നും ആക്രമണം നടത്തി. പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഊര്‍ജ കേന്ദ്രത്തിന് സമീപം പതിച്ച് നാശനഷ്ടമുണ്ടായി. രാജ്യത്തെ ലക്ഷ്യമാക്കി എത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും തകര്‍ത്തതായി കുവൈറ്റ് പ്രതിരോധ സേനയും വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാല്‍ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ രാവിലെ അടച്ചെങ്കിലും പിന്നീട് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം ഹോര്‍മൂസ് കടലിടിക്ക് തുറക്കാന്‍ ഇറാന് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സമാധാന കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഒരു രാത്രി കൊണ്ട് ഇറാനെ മുഴുവന്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍ ആക്രമണം പൂര്‍ണമായും നിര്‍ത്താതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇറാന്‍. താത്കാലിക ഉടമ്പടികള്‍ക്ക് പകരം ഉപരോധങ്ങള്‍ നീക്കുന്നതും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുനല്‍കുന്നതുമായ ശാശ്വത പരിഹാരമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

Scroll to Top