ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് രാജ് റെസിഡന്‍സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സന്തോഷ് ബി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ടെക്നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ് സ്വാഗതവും എച്ച്ഡ.ബ്ല്യു.സി നോഡല്‍ ഓഫീസര്‍ ഡോ.ധന്യ ദയാനന്ദ് നന്ദിയും പറഞ്ഞു.

ലോകാരോഗ്യ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം ‘ആരോഗ്യത്തിനായി ശാസ്ത്രത്തിനൊപ്പം അണിചേരാം’ എന്നതാണ്. ആധുനിക ലോകം നേരിടുന്ന പുതിയ ആരോഗ്യ വെല്ലുവിളികളെ ശാസ്ത്രീയമായ അറിവുകളിലൂടെയും ആഗോള സഹകരണത്തിലൂടെയും നേരിടുക എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്റെ പ്രധാന ലക്ഷ്യം. തെറ്റായ വിവരങ്ങള്‍ക്കും അശാസ്ത്രീയ പ്രവണതകള്‍ക്കുമെതിരെ വസ്തുതാപരമായ അറിവുകളെ മുറുകെ പിടിക്കണമെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ നയങ്ങള്‍ രൂപീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പര ബന്ധിതമാണെന്ന തിരിച്ചറിവിലൂന്നിയ ‘വണ്‍ ഹെല്‍ത്ത്’ (ഏകാരോഗ്യം) കാഴ്ചപ്പാടിന് ഈ സന്ദേശം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

ശാസ്ത്രം നല്‍കുന്ന സുരക്ഷിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ശാസ്ത്രലോകത്തെ പിന്തുണയ്ക്കാനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാരുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളും ശാസ്ത്രബോധത്തോടെ കൈകോര്‍ക്കുമ്പോള്‍ മാത്രമേ ആരോഗ്യപൂര്‍ണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കൂ. വാക്സിനേഷന്‍, പകര്‍ച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ശാസ്ത്രീയമായ അറിവുകള്‍ പങ്കുവെക്കാനും ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് ഈ വര്‍ഷത്തെ ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടും സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. സന്തോഷ്ബി അറിയിച്ചു.

Scroll to Top