സൗദി അറബ്യ , യുഎഇ വിഹിതത്തില്‍ ഇടിവ്: ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയില്‍ വീണ്ടും റഷ്യയുടെ മുന്നേറ്റം
ന്യുഡല്‍ഹി: ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വര്‍ധനവ്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധവും ഇസ്രയേല്‍ ലബനോനിലെ ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറികള്‍ റഷ്യന്‍ ക്രൂഡ് ഓയിലില്‍ വന്‍തോതില്‍ വാങ്ങുകയായിരുന്നു. ഇതോടെ 2023 ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇറക്കുമതി എന്ന നിലയിലേക്ക് റഷ്യന്‍ വിഹിതം ഉയര്‍ന്നു. അമേരിക്കന്‍ ഉപരോധ ഭീഷണി ലഘൂകരിക്കപ്പെട്ടതാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുന്നതില്‍ നിര്‍ണ്ണായകമായത്.
മാര്‍ച്ചില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ദിനവും ശരാശരി 1.98 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തുവെന്നാണ് അനലിറ്റിക്‌സ് ഫേം കെപ്ലറിന്റെ ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 1.57 മില്യണ്‍ ബാരല്‍ ആയി കുറഞ്ഞിരുന്നു. പ്രധാനമായും റഷ്യന്‍ ക്രൂഡിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നയാര കമ്പനിയുടെ (Nayara Energy) 400000 ബാരല്‍ പ്രതിദിന ശേഷിയുള്ള റിഫൈനറി മെയിന്റനന്‍സിനായി അടച്ചതാണ് ഏപ്രിലിലെ ഇത്രയും വലിയ ഇടിവിനുള്ള കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
‘ഇന്ത്യക്ക് ലഭ്യമാകുന്ന എല്ലാ റഷ്യന്‍ ക്രൂഡും വാങ്ങിച്ചെടുക്കുകയാണ്,” സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി ഫേം വാന്‍ഡ ഇന്‍സൈറ്റ്‌സിന്റെ ഫൗണ്ടര്‍ വന്ദന ഹരി പറഞ്ഞു. സൗദി അറേബ്യയും ഇറാഖും യുഎഇയുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടിരിക്കുന്നതിനാല്‍, ഇന്ത്യ റഷ്യന്‍ ഓയില്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര വിതരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. ”നമ്മുടെ ആഭ്യന്തര ഡിമാന്‍ഡ് നിറവേറ്റാന്‍ ആവശ്യമായ ഊര്‍ജ്ജം സോഴ്‌സ് ചെയ്യുന്നതാണ് ഞങ്ങളുടെ പ്രയോരിറ്റി,” പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ വില വര്‍ധനവ് ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടതാണ് ഇന്ത്യക്ക് പ്രധാനമായും വെല്ലുവിളിയായത്.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തടയുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം അമേരിക്ക കയറ്റുമതികള്‍ക്ക് അധിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഇറക്കുമതി വലിയ തോതില്‍ കുറയുകയും ചെയ്തു. ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ ദിനവും ഏകദേശം 1.1 മില്യണ്‍ ബാരല്‍ ആയി ഇത് താഴ്ന്നു. റഷ്യന്‍ ഓയില്‍ വാങ്ങാന്‍ അനുവദിക്കുന്ന അമേരിക്കന്‍ ഇളവ് അടുത്ത മാസം തീരുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് നീട്ടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




