ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക ലിസ് മാത്യുവിനേയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ കേരള ഹൈക്കോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം അഞ്ചാകും. സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുള്ള പ്രഗത്ഭ അഭിഭാഷകരാണ് ഇരുവരും.
ലിസ് മാത്യു- സ്ഥാനത്തെത്തുന്ന ആദ്യ സുപ്രീം കോടതി സീനിയര്‍ അഭിഭാഷക കെ.കെ. വേണുഗോപാലിന്റെയും ഇന്ദു മല്‍ഹോത്രയുടെയും ജൂനിയറായിരുന്നു ലിസ് മാത്യു. സുപ്രധാന കേസുകളില്‍ അമിക്കസ് ക്യുറിയായിരുന്നു. കേരള ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകയാണ് ലിസ് മാത്യു.
രാജ്യത്തിന്റെ നിയമചരിത്രത്തില്‍ സുപ്രധാനമായ പത്തോളം കേസുകളില്‍ അമിക്കസ് ക്യുറി ആയിരുന്നു. വനം പരിസ്ഥിതി വിഷയങ്ങളിലെ നാഴികല്ലായ എം.സി. മേത്ത കേസും രാജ്യത്തെ ജയിലുകളിലെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസും ഇതില്‍ ഉള്‍പ്പെടും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിഭാഷകയായും ലിസ് മാത്യു സുപ്രീം കോടതി ഉള്‍പ്പടെ വിവിധ കോടതികളില്‍ ഹാജരായിട്ടുണ്ട്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, മുന്‍ സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്ര എന്നിവരുടെ ചേമ്പറുകളില്‍ ജൂനിയര്‍ ആയിരുന്നു. 2011 മുതല്‍ 2016 വരെ കേരള സര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍ ആയി സേവനമനുഷ്ഠിച്ചു. കേരള ചരിത്രത്തില്‍ നിര്‍ണായകമായ ശബരിമല യുവതി പ്രവേശനക്കേസിലും പത്മനാഭസ്വാമി ക്ഷേത്രം കേസിലും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയായിരുന്നു. ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം ഫയല്‍ചെയ്തത് അഭിഭാഷകയായ ലിസ് മാത്യു ആയിരുന്നു.
2008ല്‍ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി. 2024 ജനുവരി 19-ന് ലിസ് മാത്യുവിനേയും ഭര്‍ത്താവ് രാകേന്ദ് ബസന്തത്തിനെയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായി ഡെസിഗനേറ്റ് ചെയ്തു. സുപ്രീം കോടതിയില്‍ ഒരേ ദിവസം സീനിയര്‍ അഭിഭാഷരായി ഡെസൈനേറ്റ് ചെയ്യപ്പെട്ട ഏക ദമ്പതികളാണ് ലിസും രാകേന്ദും. ഡല്‍ഹി സംസ്‌കൃതി സ്‌കൂളില്‍ പഠിക്കുന്ന താര ബസന്ത്, നിഖില്‍ ബസന്ത് എന്നിവരാണ് മക്കള്‍. കൊച്ചി പനമ്പള്ളിനഗറില്‍ താമസിക്കുന്ന മാത്യു അന്ത്രപ്പേര്‍, മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍.
എ.കെ. പ്രീത- രോഗികളുടെ മൗലികാവകാശം സംബന്ധിച്ച സുപ്രധാന ഉത്തരവ് സമ്പാദിച്ച അഭിഭാഷക
മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഒരു രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എ.കെ. പ്രീത വാദിച്ച കേസിലാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ ഏറ്റവും സുപ്രധാനമായ ഉത്തരവുകളില്‍ ഒന്നായാണ് ഈ ഉത്തരവിനെ വിശേഷിപ്പിക്കുന്നത്. പിങ്ക് പോലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിര്‍വചനം എന്നിവ സംബന്ധിച്ച സുപ്രധാനമായ വിധികളും പ്രീത ഹാജരായ കേസുകളിലാണ് കേരള ഹൈക്കോടതി പുറപ്പടുവിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായതും എ.കെ. പ്രീതയാണ്.
കേരള ഹൈക്കോടതിയില്‍ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് എ.കെ. പ്രീത. ഹൈക്കോടതി മുന്‍ ജഡ്ജി എം. രാമചന്ദ്രന്റെ ജൂനിയര്‍ ആയിരുന്നു. ഭരണഘടന, തൊഴില്‍, സര്‍വീസ് കേസുകളിള്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാഡമിയില്‍നിന്ന് 1996-ല്‍ നിയമത്തില്‍ ബിരുദം നേടിയ പ്രീത 1997 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്.
കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ലോ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍ ആണ് ഭര്‍ത്താവ്. അഭിഭാഷകന്‍ ബി.ആര്‍. അരവിന്ദന്‍ നായര്‍, കൃഷ്ണമ്മ എന്നിവരാണ് മാതാപിതാക്കള്‍.




