വിദേശത്തേക്ക് പണം അയക്കുന്നവര്‍ ശ്രദ്ധിക്കുക: നിശ്ചിത തുകയ്ക്ക് മുകളില്‍ പോയാല്‍ 20% നികുതി
വിദേശത്ത് പഠിക്കുന്ന മക്കള്‍ക്ക്, വിദേശയാത്രകള്‍ക്ക്, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെയായി നമ്മള്‍ വിദേശത്തേക്ക് പണം അയക്കാറുണ്ട്. വിദേശത്തേക്ക് പണം അയക്കുന്നത് മുമ്പ് സങ്കീര്‍ണ്ണമായ പല നിയമങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതിനെല്ലാം സര്‍ക്കാര്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. 2026 ഏപ്രില്‍ 1 മുതലാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്.
ഫോം 15CA-യ്ക്ക് പകരം ഫോം 145
മുമ്പ് വിദേശത്തേക്ക് പണം അയക്കാന്‍ ഫോം 15CA പോലുള്ള പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് പകരമായി ഫോം 145 എന്ന ലളിതമായ രീതി കൊണ്ടുവന്നു. ഇത് പണം അയക്കുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കും.നിങ്ങളുടെ പണമടയ്ക്കല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപയ്ക്കുള്ളിലാണെങ്കില്‍, കുറഞ്ഞ രേഖകള്‍ ഉപയോഗിച്ച് ഇത് പൂര്‍ത്തിയാക്കാം.
ബാങ്കുകള്‍ നേരിട്ട് വിവരം നല്‍കും
നിങ്ങള്‍ വിദേശത്തേക്ക് പണം അയക്കുമ്പോള്‍ അതിന്റെ വിവരങ്ങള്‍ ബാങ്കുകള്‍ നേരിട്ട് ആദായനികുതി വകുപ്പിനെ അറിയിക്കും. ഓരോ തവണയും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്നത് ഇതിലൂടെ കുറയും. പക്ഷേ, വലിയ തുകകള്‍ അയക്കുമ്പോള്‍ സര്‍ക്കാര്‍ അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും എന്ന് ഓര്‍ക്കണം.
പണത്തിന്റെ പരിധിയും നികുതിയും
വിദേശത്തേക്ക് പണം അയക്കുമ്പോള്‍ നിശ്ചിത തുകയ്ക്ക് മുകളില്‍ പോയാല്‍ 20% ടി സി എസ് നല്‍കേണ്ടി വരും. അതായത്, നിങ്ങള്‍ പണം അയക്കുമ്പോള്‍ തന്നെ ഒരു നിശ്ചിത ശതമാനം നികുതിയായി ബാങ്ക് ഈടാക്കും. പിന്നീട് നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ തുക തിരികെ ലഭിക്കുകയോ നികുതിയില്‍ കുറവ് വരുത്തുകയോ ചെയ്യും.
സര്‍ക്കാരിന്റെ ലക്ഷ്യം
നികുതി വെട്ടിപ്പും പണം ദുരുപയോഗം ചെയ്യുന്നതും തടയുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. സാധാരണക്കാരായ ആളുകള്‍ക്ക്, ഉദാഹരണത്തിന് കുട്ടികളുടെ പഠനത്തിന് പണം അയക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയും, അതേസമയം പണമിടപാടുകളില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരികയും ചെയ്യുകയാണ് ഈ പരിഷ്‌കാരം വഴി ചെയ്യുന്നത്.ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയിലുള്ള ഒരാള്‍ക്ക് ഏകദേശം 2.06 കോടി രൂപ വരെ വിദേശത്തേക്ക് അയക്കാന്‍ അനുവാദമുണ്ട്. ഈ പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം പുതിയ ഫോം 145 വഴി പണം അയക്കേണ്ടത്. ഈ പണം താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം
വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ ഫീസും മറ്റ് ചെലവുകളും.
വിദേശത്തുള്ള ചികിത്സാ ആവശ്യങ്ങള്‍ക്കായി.
വിദേശ രാജ്യങ്ങളില്‍ വസ്തു വാങ്ങാനോ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനോ.
വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകള്‍
വിദേശത്തുള്ള ബന്ധുക്കളുടെ ജീവിതച്ചെലവിനായി അയക്കുന്ന പണം.
പുതിയ നിയമങ്ങള്‍ വന്നാലും പണം അയക്കാവുന്ന പരമാവധി തുകയില്‍ മാറ്റമില്ല. എന്നാല്‍ ഈ പണം അയക്കുമ്പോള്‍ അത് പുതിയ ഫോം 145 വഴി കൃത്യമായ രേഖകള്‍ സഹിതം വേണം ചെയ്യാന്‍ എന്ന് മാത്രം.അതുപോലെ നിങ്ങള്‍ അയക്കുന്ന ഓരോ രൂപയും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. അതുകൊണ്ട് കൃത്യമായ രേഖകള്‍ കൈവശം വെക്കുന്നത് നല്ലതാണ്.




