ഡിമാന്‍ഡ് ഏറുന്നു, ലാഭവും; ഊര്‍ജ മേഖലയിലെ ഓഹരികളില്‍ മുന്നേറ്റത്തിന് സാധ്യത
വേനല്‍ കടുത്തതോടെ രാജ്യത്തെ വെദ്യുത ഉപഭോഗം കുത്തനെ കൂടുകയാണ്. വേനല്‍ച്ചൂട് ശക്തമായതിനൊപ്പം ഡേറ്റ സെന്ററുകള്‍ കൂടുന്നതും, എല്‍പിജി ക്ഷാമം മൂലം ഇലക്ട്രിക് ഉപകരണങ്ങള്‍ കൂടുതലായി അടുക്കളകളില്‍ ഉപയോഗിക്കുന്നതുമെല്ലാം ഇതിന് കാരണമാണ്. ഊര്‍ജ ആവശ്യങ്ങള്‍ കൂടുമ്പോള്‍ ഈ മേഖലയിലെ കമ്പനികളുടെ ഓഹരിവില ഉയരാറുണ്ടെന്നതാണ്് യാഥാര്‍ഥ്യം. കൂടുതല്‍ വൈദ്യുതി വില്‍ക്കാന്‍ സാധിക്കുന്നതിലൂടെ അവരുടെ വിറ്റുവരവും ലാഭവും വര്‍ധിക്കുന്നു. പുനരുപയോഗ ഊര്‍ജ മേഖലയിലെ പുതിയ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരുമ്പോള്‍ ഊര്‍ജ ആവശ്യവും കൂടും. ഇത് മനസ്സിലാക്കി നിക്ഷേപകര്‍ പവര്‍ സ്റ്റോക്കുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുന്നുണ്ടെന്ന് ഓഹരി വിപണിയിലെ ചലനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതലായി പ്രവര്‍ത്തനം തുടങ്ങുന്നതും വൈദ്യുതി ഡിമാന്റിനെ കുത്തനെ കൂട്ടുന്നുണ്ട്. ഉദാഹരണമായി, ജെമിനൈയിലോ ചാറ്റ് ജിപിടിയിലോ ഒരു പ്രോംപ്റ്റ് നല്‍കുമ്പോള്‍, സാധാരണ ഗൂഗിള്‍ സെര്‍ച്ചിനേക്കാള്‍ പത്തിരട്ടി വൈദ്യുതി ചെലവാകുന്നുണ്ട്. ഈ ഡേറ്റാ സെന്ററുകള്‍ക്ക് 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വേണം.
ഇന്ത്യയെ ആഗോള ഡേറ്റാ സെന്റര്‍ ഹബ്ബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അദാനി കണക്ട്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്പനികള്‍ വലിയ തോതില്‍ ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നു. ഇതിന് ആവശ്യമായ വൈദ്യുതി നല്‍കുന്ന കമ്പനികളുടെ വരുമാനം വര്‍ധിക്കുമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നുണ്ട്.. വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എഐ സാങ്കേതികവിദ്യ തന്നെ പവര്‍ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജ്ജ നഷ്ടം കുറയ്ക്കാനും ഡിമാന്‍ഡ് മുന്‍കൂട്ടി പ്രവചിക്കാനും എഐ സഹായിക്കുന്നു. ഇത് കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കും.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
എന്‍ടിപിസി – ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദന കമ്പനിയാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കമ്പനി പ്രധാനമായും കല്‍ക്കരി ഉപയോഗിച്ചാണ് വൈദ്യുതി നിര്‍മിക്കുന്നത്.
അദാനി പവര്‍ – സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന്. ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇവര്‍ക്ക് വലിയ പ്ലാന്റുകളുണ്ട്.
ടാറ്റ പവര്‍ – വളരെ പഴയതും വിശ്വസ്തവുമായ കമ്പനി. ഇപ്പോള്‍ സോളാര്‍, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയിലേക്ക് വലിയ രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു.
എന്‍എച്ച്പിസി , എസ്‌ജെവിഎന്‍ – ഇവ പ്രധാനമായും വെള്ളത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സര്‍ക്കാര്‍ കമ്പനികളാണ്.
പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ – ഇന്ത്യയിലെ പവര്‍ ഗ്രിഡുകള്‍ നിയന്ത്രിക്കുന്ന പ്രധാന സര്‍ക്കാര്‍ കമ്പനി. രാജ്യത്തുടനീളം വൈദ്യുതി എത്തിക്കുന്ന വലിയ ടവറുകളും ലൈനുകളും ഇവരുടേതാണ്.
അദാനി എനര്‍ജി സൊല്യൂഷന്‍സ് – സ്വകാര്യ മേഖലയില്‍ വൈദ്യുതി വിതരണ രംഗത്തുള്ള പ്രധാന കമ്പനി.
ബിഎച്ച്ഇഎല്‍ – പവര്‍ പ്ലാന്റുകള്‍ക്ക് ആവശ്യമായ വലിയ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന സര്‍ക്കാര്‍ കമ്പനി.
ആര്‍ഇസി & പിഎഫ്‌സി – പവര്‍ പ്രോജക്റ്റുകള്‍ക്ക് ആവശ്യമായ ലോണുകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍. പവര്‍ സെക്ടര്‍ വളരുമ്പോള്‍ ഈ കമ്പനികള്‍ക്കും ലാഭം ലഭിക്കാറുണ്ട്.
ഐഇഎക്‌സ് – എനര്‍ജി എക്‌സ്‌ചേഞ്ചായ ഈ ഓഹരിക്കും വൈദ്യുതി ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് വില ഉയരാന്‍ സാധ്യത ഉണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
വര്‍ധിച്ചുവരുന്ന പവര്‍ ഡിമാന്‍ഡ് പവര്‍ സ്റ്റോക്കുകള്‍ക്ക് വലിയ പോസിറ്റിവ് ഘടകമാണ്. എന്നാല്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയുടെ കടബാധ്യതയും ഭാവി പദ്ധതികളും കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.വാങ്ങുന്നതിന് മുമ്പ് ഓഹരി വിലയെ ബാധിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിക്കണം. കല്‍ക്കരിയുടെയോ പ്രകൃതിവാതകത്തിന്റെയോ വില കൂടിയാല്‍ അത് കമ്പനിയുടെ ലാഭത്തെ ബാധിച്ചേക്കാം.പുതിയ പ്ലാന്റുകള്‍ തുടങ്ങാന്‍ വലിയ തുക കടമെടുക്കുന്ന കമ്പനികളുടെ ലാഭവിഹിതം പലിശ അടയ്ക്കുന്നതിലൂടെ കുറയാന്‍ സാധ്യതയുണ്ട്. വൈദ്യുതി നിരക്കുകളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും ഓഹരി വിലയെ സ്വാധീനിക്കും.




