വാല്‍പ്പാറ അപകടം: പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അഗാധമായ അനുശോചനം അറിയിക്കുന്നു; പ്രധാനമന്ത്രി

വാല്‍പ്പാറ അപകടം: പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അഗാധമായ അനുശോചനം അറിയിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാല്‍പ്പാറ അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുണ്ടായ അപകടത്തെ കുറിച്ച് അറിഞ്ഞതിലുള്ള അതീവദുഃഖം അറിയിക്കുന്നുവെന്ന് എക്‌സില്‍ പ്രധാനമന്ത്രി കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികളാണ് മരിച്ചത്. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കള്‍ അനുശോചിച്ചു.

വാല്‍പ്പാറ അപകടം വേദനാജനകം, മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് വി ഡി സതീശന്‍ എഫ് ബിയില്‍ കുറിച്ചത്. അപകടം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോയമ്പത്തൂര്‍ കളക്ടറും എസ്പിയുമായി നിരന്തരം സമ്പര്‍ക്കം നടത്തുന്നുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലാണെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാരുമായി സംസാരിച്ച് തുടര്‍നടപടികള്‍ക്കായി വേണ്ട ഇടപെടല്‍ നടത്തുമെന്ന് അപകടത്തില്‍ അനുശോചനം അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Scroll to Top