കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേമ്പറില്‍ നടന്ന ജില്ലാ വരള്‍ച്ച അവലോകനയോഗത്തില്‍ കളക്ടര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി . വൈദ്യുതി വിതരണത്തിലെ തടസ്സം പരിഹരിച്ച് ബാവിക്കര പദ്ധതിയിലെ കുടിവെള്ള വിതരണം പൂര്‍ണതോതില്‍ ഉടന്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു, കേരള ജല അതോറിറ്റി എക്‌സിക്യുട്ടിവ്എന്‍ജനീയര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഉന്നതികളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
അധ്യയന വര്‍ഷാരംഭത്തിനു മുന്‍പ് തന്നെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.എം.സി.സി (MCC) നിയന്ത്രണങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.
ജില്ലയില്‍ വേനല്‍ കടുത്തതോടെ കുടിവെള്ള വിതരണവും ആരോഗ്യ സുരക്ഷാ നടപടികളും ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നിലവില്‍ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം വിതരണം തടസ്സപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തരമായി പ്രശ്‌നപരിഹാരം കാണാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. വിദ്യാനഗര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ പമ്പിംഗ് തടസ്സങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഏകോപിതമായി പ്രവര്‍ത്തിക്കണം. തകരാറിലായ കേബിളുകളും വാല്‍വുകളും അടിയന്തിരമായി മാറ്റിസ്ഥാപിക്കാനും കളക്ടര്‍ ഉത്തരവിട്ടു.
ആരോഗ്യ മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കാന്‍ യോഗം നിര്‍ദേശിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കും. വാര്‍ഡ് തലത്തില്‍ ആര്‍.ആര്‍.ടി ഗ്രൂപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ചും പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡി എം ഒ അറിയിച്ചു. എല്ലാ ഓഫീസുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു
യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ വി ശ്രുതി, ഡെപ്യൂട്ടി ഡിഎംഒ അജയ് കെ രാജ്,തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി രാഘവേന്ദ്ര, ലേബര്‍ ഓഫീസര്‍ കെ മൂസ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍കുമാര്‍, ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ വി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു




