കാസര്‍ഗോഡ്. ശക്തമായ വേനല്‍ മഴ ലഭിക്കാതെയും, പുഴകളും, ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്കും, രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കും നീങ്ങുന്നു.
കടുത്ത വേനലില്‍ ചൂട് അസഹ്യമായി ജനം വെന്തുരുകുമ്പോള്‍ കുടിവെള്ളക്ഷാമം കൂടി നേരിടുന്നത് ജനങ്ങള്‍ക്ക് ഏറെ ദുരിതമായി മാറി. കാര്‍ഷികാവശങ്ങള്‍ക്കുള്ള വെള്ളം ലഭിക്കാതായതോടെ കര്‍ഷകരും പ്രതിസന്ധിയിലാണ്. പുഴകള്‍ വറ്റി വരേണ്ടതോടെ ഇവിടെനിന്ന് കൃഷി ആവശ്യത്തിന് എ ടുത്തിരുന്ന വെള്ളവും കിട്ടാതെയായി.
കുടിവെള്ള ക്ഷാമത്തില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.കരാര്‍ അടിസ്ഥാനത്തില്‍ വെള്ളം വാങ്ങിയാണ് പഞ്ചായത്തുകള്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെ ത്തിക്കാന്‍ പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.ഇതു വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.
കാലങ്ങളായി കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും അത് പ്രഖ്യാപനത്തില്‍ ഒതുങ്ങി.പൊതു കിണറുകള്‍ ശുചീകരിക്കാനോ, കുഴല്‍ക്കിണറുകള്‍ നന്നാക്കാനോ നടപടിയും ഉണ്ടായില്ല.ഇപ്പോള്‍ ആവശ്യത്തിന് വേനല്‍ മഴ ലഭിക്കാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാവുകയും ചെയ്തു.
അത്യുഷ്ണം മെയ് അവസാനം വരെ തുടര്‍ന്നേക്കുമെന്ന കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.നെല്ല്, പച്ചക്കറി,തെങ്ങ്, കവുങ്ങ് തുടങ്ങിയവ വെള്ളം ലഭിക്കാതെ നശിച്ചു പോകുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്. മലയോര മേഖലകളിലെ പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
ഫോട്ടോ:വറ്റിവരണ്ട കാസറഗോഡ് പുത്തിഗെ പുഴ.




