ജില്ലയുടെ വികസന ഭൂപടത്തില്‍ യുവതയുടെ ആശയങ്ങള്‍ക്കും ഇനി ഇടം. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘നമസ്‌തേ കളക്ടര്‍’ പദ്ധതി സ്‌കൂളുകള്‍ക്ക് പിന്നാലെ ജില്ലയിലെ കോളേജുകളിലേക്കും വ്യാപിക്കുന്നു. പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ. കോളേജിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി മുഖാമുഖം സംവദിച്ചു.
കാസര്‍കോടിന്റെ ടൂറിസം സാധ്യതകളെ ഉയര്‍ത്താനുള്ള ആശയങ്ങളാണ് മഞ്ചേശ്വരം കോളേജിലെ വിദ്യാര്‍ത്ഥികള്‍ കളക്ടറുമായി പങ്കുവെച്ചത്. വിനോദസഞ്ചാരത്തിന് പുറമെ ജില്ലയുടെ വിവിധ മേഖലകളിലെ വികസനത്തിനു വേണ്ടിയുള്ള ആശയങ്ങളും ചര്‍ച്ച ചെയ്തു.
ജില്ലാ ഭരണകൂടവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കാനും ഭരണപ്രക്രിയയില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനുമായി മാര്‍ച്ച് 18-നാണ് ‘നമസ്‌തേ കളക്ടര്‍’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭരണസംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി, വരും ആഴ്ചകളില്‍ ജില്ലയിലെ കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
നേരത്തെ പൈവളികെ , ചെമ്മനാട്, ബാര ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ജില്ലാ കളക്ടറുമായി സംവദിച്ചിരുന്നു തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് മറുപടി നല്‍കാനും കളക്ടര്‍ സമയം കണ്ടെത്തുന്നത് കലാലയങ്ങളില്‍ വലിയ ആവേശമാണ് പകര്‍ന്നുനല്‍കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.
ദേശീയപാതയില്‍ നിന്ന് മഞ്ചേശ്വരം കോളേജിലേക്ക് യാത്ര സുഗമമാക്കാന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും, കലക്ടര്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ആരംഭിക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും, ഉടന്‍ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.




