ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
മുംബൈ: മുംബൈയിലെ പൈധോനിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം.ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷമാണ് കുടുംബത്തിലെ നാല് പേര്‍ക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തില്‍ നിന്നും വിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാര്‍ഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീന്‍ ദൊക്കാര്‍ഡിയ, 16കാരിയായ മകള്‍ അയിഷ 13കാരിയായ സെയിനബ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുള്‍പ്പെടെ ഒമ്പത് പേര്‍ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേര്‍ തണ്ണിമത്തന്‍ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രില്‍ 26-ന് പുലര്‍ച്ചെ അഞ്ചരയോടെ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും മൂലം കുടുംബം രോഗബാധിതരാകുന്നതിന് മുമ്പ് ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നു എന്നാണ് വിവരം. കൃത്യമായ കാരണം അറിയണമെങ്കില്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം.




