ദില്ലി: അടുത്ത വര്‍ഷം മുതല്‍ ദില്ലിക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ദില്ലി-ഷാങ്ഹായ് (പിവിജി) നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക. ബോയിംഗ് 787-8 വിമാനമാണ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ നാല് തവണ സര്‍വീസുകളുണ്ടാകും. ബിസിനസ് ക്ലാസില്‍ 18 ഫ്‌ലാറ്റ് ബെഡുകളും ഇക്കണോമി ക്ലാസില്‍ 238 വിശാലമായ സീറ്റുകളും ഉണ്ടായിരിക്കും. 2026 ല്‍ മുംബൈയ്ക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ദില്ലി – ഷാങ്ഹായ് വിമാനങ്ങളുടെ ഷെഡ്യൂള്‍
AI352 – ദില്ലി – ഷാങ്ഹായ് വിമാനം ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെട്ട് രാവിലെ 8.20ന് എത്തിച്ചേരും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
AI351 – ഷാങ്ഹായ് – ദില്ലി വിമാനം രാത്രി 10 മണിക്ക് പുറപ്പെട്ട് രാവിലെ 3.15ന് (+1) എത്തിച്ചേരും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്.
‘ഞങ്ങളുടെ ദില്ലി – ഷാങ്ഹായ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് കേവലം ഒരു റൂട്ടിന്റെ ലോഞ്ചിനേക്കാള്‍ വളരെ വലിയ കാര്യമാണ്. ഇത് രണ്ട് മഹത്തായ, പുരാതന നാഗരികതകള്‍ക്കും ആധുനിക സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും ഇടയിലുള്ള ഒരു പാലമാണ്. എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളെ തമ്മില്‍ വീണ്ടും ബന്ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഊഷ്മളമായ ഇന്ത്യന്‍ ആതിഥ്യമര്യാദയോടെ ബിസിനസ്സ്, വ്യാപാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയിലെ അവസരങ്ങള്‍ പിന്തുടരാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുകയാണ് എയര്‍ ഇന്ത്യ’. എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
2019ല്‍ ഇന്ത്യയും ചൈനയും ഏകദേശം 2,588 ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ നടത്തിയിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ന്റെ തുടക്കത്തില്‍ കോവിഡ് മഹാമാരിയുടെ സമയത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ?ഗാല്‍വാനില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ മാരകമായ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചില്ല. നിലവില്‍ വീണ്ടും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരികയാണെന്നതിന്റെ വ്യക്തമായ തെളിവാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം. ജൂലൈയില്‍, ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിച്ചിരുന്നു.




