‘മകന്‍ ആത്മഹത്യ ചെയ്യില്ല’; ബെംഗളൂരുവിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, പൊലീസില്‍ പരാതി നല്‍കി
ബെംഗളൂരു:ബെംഗളൂരു ബിടിഎല്‍ നഴ്‌സിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. രണ്ടാംവര്‍ഷ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥി തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ആദിത്യന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പ്രദീപ് ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ബെംഗളൂരു ബിടിഎല്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി 19കാരന്‍ ആദിത്യന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ആദിത്യന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളേജ് അധികൃതര്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. അറിയിപ്പ് ലഭിച്ച കുടുംബം ഇന്ന് ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ആദിത്യന്റെ മരണവിവരം അറിഞ്ഞത്. ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സഹപാഠികള്‍ നല്‍കിയിരിക്കുന്ന മൊഴി. തലേദിവസമടക്കം വീഡിയോ കോള്‍ വഴി സന്തോഷത്തോടെ സംസാരിച്ചിരുന്നു ആദിത്യന്‍. മകന്‍ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നാണ് പിതാവ് പ്രദീപിന്റെ വാദം.
ആദിത്യന്റെ മരണത്തില്‍ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ കുടുംബത്തോട് പൊലീസും തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചത്. ഏറെനേരം കാത്തിരുത്തിയ പൊലീസുകാര്‍ കോളേജ് അധികൃതര്‍ക്കെതിരെ പരാതി സ്വീകരിക്കാന്‍ മടികാണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ്.
ഹോസ്റ്റല്‍ മുറിയില്‍ ഒപ്പം താമസിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യത്യനുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സംഭവം പുറത്തായതോടെ ആദിത്യനും ഇതില്‍ പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഈ സംഘം. ഈ പ്രശ്‌നത്തില്‍ ആദിത്യന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം വ്യക്തമാക്കി. രണ്ടാം വര്‍ഷ ബി എസ് സി നഴ്‌സിങിന് പഠിക്കുന്ന ആദിത്യന്‍ വിഷുവിനാണ് അവസാനമായി നാട്ടിലെത്തിയത്. അച്ഛന്‍ പ്രദീപ് പെയിന്ററാണ്. അമ്മ അശ്വതിയും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സഹോദരിയും അടങ്ങുന്നതാണ് ആദിത്യന്റെ കുടുംബം. ബംഗളൂരു സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി.




