കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ.എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി. മെയ് 15 നകം പൊലീസ് മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ. റാം മുന്‍കൂര്‍ ജാമ്യഅപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ എത്തിയത്. ഇതുവരെ ഒളിവില്‍പോയ റാമിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ റാമിന്റെ മുന്‍കൂര്‍ജാമ്യം പൊലീസ് എതിര്‍ക്കാനാണ് കൂടുതല്‍ സാധ്യത. അഡ്വ. എസ് രാജീവാണ് ഡോ. എം കെ റാമിനായി ഹൈക്കോടതിയില്‍ ഹാജരാക്കുക.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് എം കെ റാമിനെ അഞ്ചരക്കണ്ടി കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ 10 നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.




