കെ.എസ്.ഇ.ബി. എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ 73-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കാസര്‍ഗോഡ്

”നെക്സ്റ്റ്-ജന്‍ പവര്‍ കേരള” ദേശീയ സെമിനാറും ഗ്രീന്‍ എനര്‍ജി വാക്കത്തോണും സംഘടിപ്പിക്കും

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ (KSEBEA) 73-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമായ ”പൊട്ടന്‍ഷ്യ-2026” മേയ് 9, 10 തീയതികളില്‍ കാസര്‍ഗോഡില്‍ സംഘടിപ്പിക്കുന്നു. ഊര്‍ജ മേഖലയുടെ ഭാവിദിശ, സുസ്ഥിര വികസനം, വൈദ്യുതി മേഖലയിലെ നവീന സാങ്കേതിക വിദ്യകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ സെമിനാറും ഇലക്ട്രോ ടെക്‌നിക്കല്‍ എക്‌സിബിഷനും പരിപാടിയുടെ ഭാഗമായി നടക്കും.

മേയ് 9-ന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനുസമീപമുള്ള ആര്‍.കെ. മാളില്‍ കെ.എസ്.ഇ.ബി.ഇ.എ ബെനവലന്റ് ഫണ്ടിന്റെ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് കെ.എസ്.ഇ.ബി. എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗവും നടക്കും. വൈകുന്നേരം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടുകൂടിയ സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും.

മേയ് 10-ന് രാവിലെ 6.30-ന് ”ഗ്രീന്‍ എനര്‍ജി വാക്കത്തോണ്‍” കാസര്‍ഗോഡ് ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കും. ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി. വിജയ ഭാരത് റെഡ്ഡി IPS ഉദ്ഘാടനം നിര്‍വഹിക്കും. ഊര്‍ജ സംരക്ഷണത്തിന്റെയും ഹരിത ഊര്‍ജ ഉപയോഗത്തിന്റെയും സാമൂഹിക ബോധവല്‍ക്കരണമാണ് വാക്കത്തോണിന്റെ ലക്ഷ്യം.

തുടര്‍ന്ന് ചെമ്മനാട് കന്‍സ് മറാവല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാര്‍ഷിക ജനറല്‍ ബോഡി സമ്മേളനം നടക്കും. കെ.എസ്.ഇ.ബി.എ ജനറല്‍ സെക്രട്ടറി എഞ്ചി. മുഹമ്മദ് റാഫി.എം സ്വാഗതവും പ്രസിഡന്റ് എഞ്ചി. സുരേഷ് കുമാര്‍ എസ് അധ്യക്ഷതയും വഹിക്കും. കാസറഗോഡ് എം.പി. ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.നിയുക്ത ഉദുമ എം.എല്‍.എ ശ്രീ. കെ. നീലകണ്ഠന്‍ മുഖ്യാതിഥിയായിരിക്കും. കെ.എസ്.ഇ.ബി.എല്‍ സി.എം.ഡി ശ്രീ. മിന്‍ഹാജ് ആലം IAS, ഡയറക്ടര്‍ (HRM, Sports, Welfare, Safety & Quality Assurance) എഞ്ചി. സുരേന്ദ്ര പി എന്നിവര്‍ ആശംസകള്‍ നേറും.

രാവിലെ 11 മണിക്ക് ‘Next-Gen Power Kerala: Roadmap for Reliability, Sustainability and Growth (2026-2031)’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും. കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിനുകീഴിലുള്ള സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറി ശ്രീ. അസിത് സിംഗ് IES ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.ഐ.ടി കോഴിക്കോട് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിവേക് മോഹനും കെ.എസ്.ഇ.ബി.എല്‍ ചീഫ് എഞ്ചിനീയര്‍ എഞ്ചി. എം.പി. രാജനും വിഷയാവതരണം നടത്തും.

സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയിലെ ഭാവി വികസനം, വിശ്വാസ്യത, ഹരിത ഊര്‍ജ ഏകീകരണം, സാങ്കേതിക നവീകരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായിരിക്കും ഈ ദേശീയ സെമിനാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദ്യുതി മേഖലയിലെ വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Scroll to Top