ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക്; രണ്ടാംഘട്ട ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളെയും ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനായുള്ള ജില്ലാതല ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി ഐ.എസ്.ഒ മാനേജര്‍ റാഷിദ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷം ഒന്നാം ഘട്ട ഓറിയന്റേഷനില്‍ 26 സി.ഡി.എസുകള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. ബാക്കിയുള്ള 16 സി.ഡി.എസുകള്‍ കൂടി ഈ ഘട്ടത്തില്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതോടെ ജില്ലയിലെ കുടുംബശ്രീ സംവിധാനങ്ങള്‍ 100% ഐ.എസ്.ഒ പദവിയിലെത്തും. പുത്തിഗെ, ചെങ്കള, മധൂര്‍, ബദിയടുക്ക, പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, ബളാല്‍, ബേഡഡുക്ക, കാറഡുക്ക, മുളിയാര്‍, കുമ്പഡാജെ, പള്ളിക്കര-പെരിയ, കാഞ്ഞങ്ങാട് 1, കാഞ്ഞങ്ങാട് 2, കാസര്‍കോട് എന്നീ സി.ഡി.എസുകളാണ് ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ സഹായിക്കും. ഓരോ സി.ഡി.എസില്‍ നിന്നും ചെയര്‍പേഴ്സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, സാങ്കേതിക കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള പ്രതിനിധി എന്നിവര്‍ ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എം.രേഷ്മ സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രമ്യ മോള്‍ നന്ദിയും പറഞ്ഞു.

Scroll to Top