Home Kerala ബംഗളൂരു എഫ്‌സിയോട് പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്.

ബംഗളൂരു എഫ്‌സിയോട് പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്.

by KCN CHANNEL
0 comment


ബംഗളൂരുവിനായി സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോള്‍ റയാന്‍ വില്യംസും വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്‌സിനായി ജീസസ് ഗിമിനസും ഫ്രെഡി ലല്ലാവ്മയുമാണ് സ്‌കോര്‍ ചെയ്തത്.

ബംഗളൂരു: ചിരവൈരികളായ ബംഗളൂരു എഫ്‌സിയോട് സീസണിലെ രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് പിന്നിലായ മഞ്ഞപ്പട രണ്ടാം പകുതിയില്‍ ആ കടം തീര്‍ത്തെങ്കിലും പ്രതിരോധത്തിലെ പിഴവ് മുതലാക്കി ബംഗളൂരു നിര്‍ണായമായ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു. അവസാന നിമിഷം ഹാട്രിക് തികച്ച് സുനില്‍ ഛേത്രി ബംഗളൂരുവിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. ബംഗളൂരുവിനായി സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോള്‍ റയാന്‍ വില്യംസും വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്‌സിനായി ജീസസ് ഗിമിനസും ഫ്രെഡി ലല്ലാവ്മയുമാണ് സ്‌കോര്‍ ചെയ്തത്.

വെള്ളയും ഓറഞ്ചും കലര്‍ന്ന ജേഴ്‌സിയില്‍ കളത്തിലിറങ്ങിയ മഞ്ഞപ്പടയെ ഞെട്ടിച്ച് കൊണ്ട് കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബംഗളൂരു മുന്നിലെത്തി. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. 38-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ബംഗളൂരു ലീഡ് ഉയര്‍ത്തി. പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിട്ട് നിന്നിട്ടും ബ്ലാസ്റ്റേഴ്‌സിനെ നിരാശയിലാക്കിയാണ് ആദ്യ പകുതി അവസാനിച്ചത്.

എന്നാല്‍, അടിക്ക് തിരിച്ചടി കൊടുക്കുന്ന മഞ്ഞപ്പട്ടാളത്തെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 56-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ കുറിച്ചു. ഇതോടെ ഊര്‍ജം കൂടിയ അഡ്രിയാന്‍ ലൂണയും സംഘം സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചു. 67-ാം മിനിറ്റില്‍ ഫ്രഡ്ഡി ഫ്രെഡി ലല്ലാവ്മയാണ് ഗോള്‍ കണ്ടെത്തിയത്. പക്ഷേ, മഞ്ഞപ്പടയുടെ സന്തോഷം അധികം നീണ്ടില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലുണ്ടായ ഒരു പിഴവാണ് സുനില്‍ ഛേത്രിയുടെ രണ്ടാം ഗോളിന് വഴിവെച്ചത്. സമനില ഗോളിനായി എക്‌സ്ട്രാ ടൈമില്‍ പൊരുതിയ ബ്ലാസ്റ്റേഴ്‌സിനെ നിരാശയിലാക്കി 98-ാം മിനിറ്റില്‍ ഛേത്രി ഹാട്രിക്കും തികച്ചു. 11 കളിയില്‍ ഏഴ് വിജയവുമായി ബംഗളൂരു ഇപ്പോള്‍ പോയിന്റ് ടേബളില്‍ ഒന്നാം സ്ഥാനത്താണ്. അത്രയും കളിയില്‍ നിന്ന് മൂന്ന് വിജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്.

You may also like

Leave a Comment