കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ‘സ്നേഹപഥം’

കിടപ്പിലായ രോഗികള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സയും പരിചരണവും ഉറപ്പാക്കുകയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ‘സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം’പദ്ധതി. ആശുപത്രികളിലേക്ക് പോകാന്‍ കഴിയാത്ത, കിടപ്പിലായ നൂറുകണക്കിന് രോഗികള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന ഈ പദ്ധതി കരുതലിന്റെ പുതിയ മാതൃകയാണ്.

2012 ജനുവരിയില്‍ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോവിന്ദന്‍ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ കിടപ്പിലായ രോഗികള്‍ക്കാണ് ഈ പദ്ധതിയിലൂടെ ആശ്വാസം ലഭിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ മുഖേന കണ്ടെത്തുന്ന ഗുണഭോക്താക്കളെ സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് തരംതിരിച്ച് മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തും. ഒരു റൗണ്ടില്‍ ഏകദേശം അഞ്ഞൂറോളം രോഗികളെ സന്ദര്‍ശിക്കുന്ന സംഘം വര്‍ഷത്തില്‍ അഞ്ചോ ആറോ തവണ പരിശോധനകള്‍ക്കായി വീടുകളില്‍ എത്താറുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി. സുരേന്ദ്രന്‍, നഴ്‌സ് പി. സുനിത, ആംബുലന്‍സ് ഡ്രൈവര്‍ രമേശന്‍ എന്നിവരടങ്ങിയ സംഘമാണ് വീടുകളില്‍ എത്തുന്നത്.

രോഗികളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിക്കുകയും അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്. സന്ദര്‍ശിക്കുന്ന ഡോക്ടര്‍ രോഗാവസ്ഥ കൃത്യമായി വിലയിരുത്തി മരുന്നുകളുടെ അളവില്‍ ആവശ്യമായ മാറ്റങ്ങളും വരുത്തും.
വിവിധ അസുഖങ്ങള്‍ ബാധിച്ച് കിടപ്പിലായവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. നിലവിലെ കണക്കുകള്‍ പ്രകാരം പക്ഷാഘാതം ബാധിച്ച 74 പേര്‍, തനിയെ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത 100 വയോജനങ്ങള്‍, അര്‍ബുദ ബാധിതരായ 37 പേര്‍, പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള 18 പേര്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ച ഏഴ് പേര്‍, വിട്ടുമാറാത്ത വൃക്കരോഗമുള്ള ഒമ്പത് പേര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ രക്തസമ്മര്‍ദ്ദവും പ്രമേഹവുമുള്ള അംഗപരിമിതര്‍, പോളിയോ ബാധിച്ചവര്‍ തുടങ്ങി മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 166 പേരും സ്നേഹപഥം പദ്ധതിയുടെ സേവനം നിരന്തരം പ്രയോജനപ്പെടുത്തുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഡോക്ടറും നേഴ്സും അടങ്ങുന്ന സംഘം അരികിലെത്തുന്നത് കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനമാവുകയാണ്

Scroll to Top