കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് കാവലാളായി മാറിയിരിക്കുകയാണ് ജീവനം ജൈവ വൈവിധ്യ സമിതി .പ്രകൃതിയുടെ ആവാസവ്യവസ്ഥ കാത്തുസൂക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെ കുറ്റിക്കോല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ജീവനം’ ജൈവവൈവിധ്യ സമിതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇക്കാലയളവില്‍ ഗ്രാമപഞ്ചായത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി ഏറ്റെടുത്ത് നടപ്പാക്കിയത് നിരവധി പ്രവര്‍ത്തനങ്ങളാണ്. ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച ‘ജീവനം’ ജൈവ വൈവിധ്യ സമിതി കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. 2023-ല്‍ റിട്ട. അധ്യാപകന്‍ തമ്പാന്‍ കെ മീയ്യങ്ങാനത്തിന്റെ ആശയത്തില്‍ ഒരു വാട്സാപ്പ് കൂട്ടായ്മയായി തുടക്കമിട്ട ഈ പ്രസ്ഥാനം, ഇന്ന് ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണവും സമയനിഷ്ഠയും പ്രവര്‍ത്തനശൈലിയായി സ്വീകരിച്ച സംഘടനയ്ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ജില്ലാ പഞ്ചായത്തിന്റെ മികച്ച ഗവണ്‍മെന്റിതര ജൈവവൈവിധ്യ സമിതിക്കുള്ള പുരസ്‌കാരവും ലഭിച്ചു.
പഞ്ചായത്തിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തുകയും സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സംരക്ഷണം ഏറ്റെടുക്കുന്നതിനും ജീവനം നന്നായി ഇടപെടുന്നു. കാവ് സംരക്ഷണം, പൈതൃക മരങ്ങളുടെ സംരക്ഷണം, തണ്ണീര്‍ത്തട സംരക്ഷണം, വനവല്‍ക്കരണം, തുടങ്ങിയ രംഗങ്ങളിലെല്ലാം നല്ല രീതിയില്‍ ഇടപെടാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്. ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ജീവനം കൂട്ടായ്മ മാതൃകാപരമായി രംഗത്ത് വന്നു. കുറ്റിക്കോലിലെ ചരിത്ര ശേഷിപ്പുകളായ മുനിയറ, ചുമട് താങ്ങി, തൊപ്പി കല്ല്, പൈതൃക മരമായ കുറ്റിക്കോല്‍ ടൗണിലെ കാശാവ്, ചെമ്പകം, എന്നിവയുടെ സംരക്ഷണത്തിന് ജീവനം സമിതി നേതൃത്വം നല്‍കുന്നു.
നാടിന്റെ ജൈവവൈവിധ്യത്തെ അറിയാനും സംരക്ഷിക്കാനും നിരവധി ശ്രദ്ധേയമായ പദ്ധതികളാണ് സമിതി ഇതിനകം നടപ്പിലാക്കിയത്. പ്രകൃതിയെ അടുത്തറിയാന്‍ നടത്തിയ ‘തുലാപ്പച്ച’ യാത്ര, വനംവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റാണാച്ചെ പൊര്‍ലു’ വനയാത്ര, കുട്ടികള്‍ക്കായി നടത്തിയ ജില്ലാതല പക്ഷിനിരീക്ഷണ ക്യാമ്പ് എന്നിവ വലിയ ജനശ്രദ്ധ നേടിയിരുന്നു. ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളായ കാവുകളെ സംരക്ഷിക്കുന്നതിനായി നടത്തിയ പഠനയാത്രകളും, കൃഷിക്ക് ഭീഷണിയായ സിങ്കപ്പൂര്‍ ഡെയ്‌സി എന്ന അധിനിവേശ സസ്യത്തെ നശിപ്പിക്കാന്‍ നടത്തിയ ക്യാമ്പയിനുകളും സമിതിയുടെ സജീവ ഇടപെടലുകളുടെ ഭാഗമായിരുന്നു. കൂടാതെ, സ്‌കൂള്‍ പരിസരങ്ങളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന,തവനം സ്‌കൂളില്‍ ആരംഭിച്ച ‘മധുരവനം’ പദ്ധതിയിലൂടെ വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കാനും സമിതിക്ക് സാധിച്ചു.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും ജീവനം മുന്‍പന്തിയിലുണ്ട്. കടുത്ത വേനലില്‍ യാത്രക്കാര്‍ക്കായി തണ്ണീര്‍പ്പന്തല്‍ ഒരുക്കിയും, മുതിര്‍ന്ന കര്‍ഷകരെയും നാട്ടുവൈദ്യന്മാരെയും വീടുകളില്‍ ചെന്ന് ആദരിച്ചും സമിതി മാതൃകയായി. ഇത്തവണത്തെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് (മെയ് 22) ‘കാപ്പ്: ഭൂമിക്കൊരു കാവല്‍’ എന്ന പേരില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാസത്തില്‍ ഒരു പരിപാടി എന്ന നിലയില്‍ കൃത്യമായ പ്രവര്‍ത്ത




