സൗജന്യയാത്രാനിഷേധം സ്ത്രീസമൂഹത്തോടുള്ള വഞ്ചന: എംഎല്‍ അശ്വിനി

കാസര്‍ഗോഡ് : തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യുഡിഎഫ് മുന്നോട്ട് വെച്ച ഇന്ദിരാ ഗ്യാരണ്ടി പ്രകാരം മെയ് 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കാത്തത് വോട്ട് വാങ്ങി സ്ത്രീകളെ വഞ്ചിക്കുന്ന നടപടിയാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന്റെയും ടിക്കറ്റില്ലാ യാത്രയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന 4 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണവും മന്ത്രിസഭാ യോഗവും ചേര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടു. പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ജൂണ്‍ മാസം മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു. അതേസമയം കേരളത്തില്‍ മുഖ്യമന്ത്രി പദവി പ്രഖ്യാപനത്തെ തുടര്‍ന്നുള്ള വിവാദങ്ങളും ചര്‍ച്ചകളുമാണ് മാത്രമാണ് നടക്കുന്നത്.
വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ വൈകുന്നത് ഈ നാട്ടിലെ ജനങ്ങളുടെ കുറ്റമല്ല. അധികാരത്തര്‍ക്കം കാരണം മന്ത്രിസഭാ രൂപീകരണവും വൈകാന്‍ സാധ്യതയുണ്ട്. ഇന്ദിരാ ഗ്യാരണ്ടി ഉള്‍പ്പെടെ പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും പദ്ധതികളും നടപ്പാക്കാന്‍ വൈകുന്നപക്ഷം യുഡിഎഫ് സര്‍ക്കാര്‍ വലിയ പ്രതിഷേധം അഭിമുഖീകരിക്കേണ്ടി വരുമെന്ന് അശ്വിനി മുന്നറിയിപ്പ് നല്‍കി.

പൊതുഗതാഗത സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ വരും ദിവസങ്ങളില്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന് അശ്വിനി അഭ്യര്‍ത്ഥിച്ചു.

ബിജെപി ജില്ലാ സെക്രട്ടറിമാരായ പ്രമീള മജല്‍, പുഷ്പ ഗോപാലന്‍, മഹിളാമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, ജില്ലാ ജനറല്‍ സെക്രട്ടറി അനിത നായിക്, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാന്‍ബാഗ്, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജനനി, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ എന്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.

എംഎല്‍. അശ്വിനിയുടെ നേതൃത്വത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ മംഗലാപുരത്തേക്കുള്ള ബസില്‍ കയറിയെങ്കിലും ബസിന് കെഎസ്ആര്‍ടിസി അധികൃതര്‍ യാത്രാനുമതി അനുവാദം നിഷേധിച്ചതിനെ തുടര്‍ന്ന് വാക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കവാടത്തില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Scroll to Top