മേല്‍ക്കൂര തകര്‍ന്ന കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

ശക്തമായ കാറ്റില്‍ കഴിഞ്ഞദിവസം മേല്‍ക്കൂര തകര്‍ന്ന കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അറ്റകുറ്റപണികള്‍ക്ക് അടിയന്തര നടപടികള്‍ മുന്‍സിപാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്

കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൃത്യമായി നിരീക്ഷിക്കുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കലക്ടര്‍ റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് ലൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ എല്‍പി യുപി വിഭാഗങ്ങള്‍ക്കും 8, 9 ക്ലാസുകള്‍ക്കും ബുധനാഴ്ചയും അവധിയായിരിക്കുന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൗണ്‍സിലര്‍മാരായ എന്‍ ഉണ്ണികൃഷ്ണന്‍, ഗീത, തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.ഗിരീശന്‍ വി.എച്ച് .എസ്.ഇ പ്രിന്‍സിപാള്‍ അരുണ്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി എന്‍. കെ ഗിരീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി സമീപത്തെ മരത്തില്‍ പതിച്ചു. ആളപായങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എന്നാല്‍ ഷീറ്റുകള്‍ വീണതിനെത്തുടര്‍ന്ന് പരിസരത്തെ മരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സ് സംഘം ഉടന്‍ തന്നെ എത്തി മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഷീറ്റുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ആവശ്യമായ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയുടെ മേല്‍ നോട്ടത്തില്‍ തൊഴിലാളികള്‍ തകര്‍ന്ന മേല്‍ക്കൂര നീക്കം ചെയ്തു.

Scroll to Top