പ്രതിഭകള്‍ക്കു മുകളില്‍ പറന്ന ‘ഇഗോ’; പോര്‍ച്ചുഗലിന്റെ വീഴ്ചക്ക് കാരണക്കാരന്‍ റൊണാള്‍ഡോ മാത്രമല്ല


ലോകകപ്പില്‍ നിന്നുള്ള പോര്‍ച്ചുഗലിന്റെ പുറത്താകലിന് കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം പ്രകടനം മാത്രമല്ല. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ തന്ത്രപരമായ പിഴവുകളും ടീമിലെ പടലപ്പിണക്കങ്ങളും താരങ്ങളുടെ ഈഗോയും ഈ വീഴ്ചയ്ക്ക് കാരണമായി.

എവിടെയാണ് പിഴച്ചത്
യുവനിരയുടെ കരുത്തില്‍ ലോകകപ്പ് കിരീടം സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ പോര്‍ച്ചുഗലിന് എവിടെയാണ് പിഴച്ചത്?. തോല്‍വിയുടെയും പുറത്താകലുകളുടെയും എല്ലാ ഭാരവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഒറ്റപ്പേരിലേക്ക് ചുരുക്കിയാല്‍ അതിന് പൂര്‍ണ്ണതയുണ്ടാകുമോ?. പ്രതിഭാസമ്പന്നരായ കളിക്കാരെ തന്ത്രപരമായി വിനിയോഗിക്കേണ്ട പരിശീലകന്‍ വെറുമൊരു താരാരാധകനായി മാറിയതുള്‍പ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് പോര്‍ച്ചുഗലിന്റെ കണ്ണീര്‍ മടക്കത്തിന് വഴിതുറന്നത്.

2

വീണ്ടും ‘ക്രൂശിക്കപ്പെട്ട്’ റോബര്‍ട്ടോ മാര്‍ട്ടീനസ്
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ മുതല്‍ പോര്‍ച്ചുഗല്‍ ടീമില്‍ പ്രകടമായിരുന്ന പോരായ്മകള്‍ കാണാതെ നടിച്ച പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ് തന്നെയാണ് ഈ പതനത്തിന്റെ ഒന്നാം പ്രതി. ബെല്‍ജിയത്തിന്റെ സുവര്‍ണ്ണ തലമുറയ്ക്ക് വലിയ നിരാശ സമ്മാനിച്ച അതേ മാര്‍ട്ടീനസിന്റെ അക്കൗണ്ടിലേക്ക് ഇതാ പോര്‍ച്ചുഗലിന്റെ വന്‍ വീഴ്ചയും എഴുതിച്ചേര്‍ക്കപ്പെടുന്നു.

3

വേഗത നഷ്ടപ്പെട്ട ആക്രമണവും ‘നിഴലായ’ റൊണാള്‍ഡോയും
ഖത്തര്‍ ലോകകപ്പില്‍ നിന്നും ഈ ലോകകപ്പിലേക്ക് എത്തുമ്പോള്‍ ഒരു ടീമെന്ന നിലയില്‍ നാല് വര്‍ഷം മുന്നിലായിരുന്നു പോര്‍ച്ചുഗല്‍. എന്നാല്‍ 41 വയസ്സ് പിന്നിട്ട റൊണാള്‍ഡോയ്ക്ക് ടീമിലെ യുവനിരയുടെ വേഗതയ്‌ക്കൊപ്പമെത്താന്‍ കഴിഞ്ഞില്ല. ഇത് ടീമിന്റെ ആക്രമണങ്ങളുടെ ഊര്‍ജ്ജത്തെയും കളിയിലെ വേഗതയെയും ദോഷകരമായി ബാധിച്ചു. എതിര്‍ ഗോള്‍മുഖത്ത് ഭീതി വിതയ്ക്കുന്ന ഷോട്ടുകള്‍ ഇല്ലാതെയായി. ഒരു സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ ചെയ്യേണ്ട മിനിമം പ്രസ്സിങ് പോലും ഇതിഹാസ താരത്തിന് ചെയ്യാനായില്ല. തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി, എതിര്‍ പോസ്റ്റിന് മുന്നില്‍ പന്തും കാത്തുനില്‍ക്കുന്ന റൊണാള്‍ഡോയെയാണ് മൈതാനത്ത് കണ്ടത്.

റാമോസിനെ തഴഞ്ഞ ഭീരുത്വം
നോക്കൗട്ട് ഘട്ടത്തില്‍ ക്രൊയേഷ്യക്കെതിരെ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടിയ ഗോണ്‍സാലോ റാമോസിന് പിന്നീട് മാര്‍ട്ടീനസ് അവസരങ്ങള്‍ നിഷേധിച്ചു. 2022 ലോകകപ്പില്‍ റൊണാള്‍ഡോയ്ക്ക് പകരം വന്ന് ഹാട്രിക് അടിച്ച താരമാണ് റാമോസ് എന്ന കാര്യം പരിശീലകന്‍ ബോധപൂര്‍വ്വം മറന്നു. മൈതാനത്ത് പൂര്‍ണ്ണമായും നിറംമങ്ങുന്ന റൊണാള്‍ഡോയെ തിരികെ വിളിക്കാന്‍ ധൈര്യമില്ലാത്ത പരിശീലകന്‍ ടീമിന് വലിയൊരു ബാധ്യതയായി മാറുകയായിരുന്നു.

5

റൊണാള്‍ഡോക്ക് വെറും 19 ടച്ചുകള്‍
സ്‌പെയിനിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് കൂടി. നിര്‍ണ്ണായകമായ നോക്കൗട്ട് മത്സരത്തില്‍ സ്‌പെയിനെതിരെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയിട്ടും മത്സരത്തിലുടനീളം വെറും 19 തവണ മാത്രമാണ് റൊണാള്‍ഡോയ്ക്ക് പന്തില്‍ തൊടാനായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ലോകകപ്പ് കരിയറില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരങ്ങളില്‍, ഏറ്റവും കുറവ് ടച്ചുകള്‍ നടത്തി രണ്ടാമത്തെ മത്സരമെന്ന എന്ന മോശം റെക്കോര്‍ഡാണ് സ്‌പെയിനിനെതിരെ കുറിക്കപ്പെട്ടത്.

6

ഒരു ഗോളവസരം പോലും പേരിലില്ല
ഈ ലോകകപ്പില്‍ 17 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും സഹതാരങ്ങള്‍ക്ക് ഒരു ഗോള്‍ അവസരം പോലും സൃഷ്ടിക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ 60 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ (1966-ന് ശേഷം), ഒരു അവസരം പോലും സൃഷ്ടിക്കാതെ ഒരു കളിക്കാരന്‍ നടത്തുന്ന ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ എന്ന നാണക്കേടും ഇതോടെ റൊണാള്‍ഡോയുടെ പേരിലായി.

7

പ്ലേ മേക്കര്‍മാരുടെ നിറംമങ്ങലും പടലപ്പിണക്കങ്ങളും
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അസാമാന്യ ഫോമില്‍ കളിച്ച പ്ലേമേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ദേശീയ കുപ്പായത്തില്‍ പൂര്‍ണ്ണ പരാജയമായി. റൊണാള്‍ഡോയുമായുള്ള ബ്രൂണോയുടെ സ്വരച്ചേര്‍ച്ചയില്ലായ്മ കളിയിലും നിഴലിച്ചു. ബോക്‌സില്‍ മാത്രം ഒതുങ്ങിക്കൂടുന്ന റൊണാള്‍ഡോയ്ക്ക് പന്ത് നല്‍കാന്‍ സഹതാരങ്ങള്‍ പലപ്പോഴും മടിച്ചു. റൊണാള്‍ഡോയുടെ നിഴലായി തങ്ങള്‍ മാറുന്നു എന്ന തോന്നല്‍ യുവതാരങ്ങളെ അസ്വസ്ഥരാക്കി.ഇവിടെ കൃത്യമായി ഇടപെടേണ്ടിയിരുന്ന പരിശീലകന്‍ കാഴ്ചക്കാരനായി മാറി നിന്നു. മറുഭാഗത്ത്, യുവതാരങ്ങളെ മനസ്സിലാക്കേണ്ട റൊണാള്‍ഡോ ആകട്ടെ, തനിക്ക് ഇപ്പോഴും പഴയ യുവത്വമാണെന്ന് വിശ്വസിക്കുകയും ചെയ്തു.

8

പ്രതിഭകള്‍ക്ക് മുകളില്‍ പറന്ന ഈഗോ
പ്രതിഭയ്ക്ക് മുകളില്‍ കളിക്കാരുടെയും പരിശീലകന്റെയും ‘ഇഗോ’ പ്രതിഫലിച്ച ഒരു ടീമിന്റെ അനിവാര്യമായ പതനമാണിത്. പോര്‍ച്ചുഗലിന് ഒരു ടീമെന്ന നിലയില്‍ ഇനിയും തിരുത്തലുകള്‍ക്ക് അവസരമുണ്ട്, എന്നാല്‍ പ്രായം തളര്‍ത്തിയ സിആര്‍ സെവന് ഇനി ഒരു തിരിച്ചുവരവിന് സമയമില്ല.

Scroll to Top