24 H ദുബൈ 2025 കാറോട്ട മത്സരത്തില്‍ നിന്ന് പിന്മാറി നടന്‍ അജിത്ത്. മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ പിന്മാറ്റം. മൂന്നുദിവസം മുന്‍പ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൃത്യമായി പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെന്നും ടീമിന് വേണ്ടിയാണ് പിന്മാറ്റമെന്നും അജിത് കുമാര്‍ റെയ്സിങ് ടീം അറിയിച്ചു. പകരം എന്‍ഡുറന്‍സ് റേസിങ്ങിലായിരിക്കും അജിത്ത് പങ്കെടുക്കുക. തുടര്‍ന്നുള്ള റെയിസിങ് മത്സരങ്ങള്‍ക്കും താരം കളത്തില്‍ ഇറങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങി.
Read Alos: CMRL മാസപ്പടി കേസ്; 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം
അതേസമയം, റേസിംഗ് കഴിയും വരെ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്യില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു.തന്റെ ശ്രദ്ധ മുഴുവന്‍ റേസിങ്ങില്‍ ആണെന്നും അത് കഴിയും വരെ മറ്റു കമ്മിറ്റ്‌മെന്റുകള്‍ ഒഴിവാക്കുമെന്നും അജിത്ത് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. മാര്‍ച്ചിനും ഒക്ടോബറിനും ഇടയില്‍ ഒരു സിനിമ ചെയ്യാന്‍ സാധ്യത ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ക്കു മുമ്പാണ് അജിത്ത് ‘അജിത് കുമാര്‍ റേസിങ്’ എന്ന പേരില്‍ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയില്‍ ഒരു ടെസ്റ്റ് സെഷനുവേണ്ടിയും അജിത്ത് പോയിരുന്നു. റേസിനായി ഷാര്‍ജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
അപകടം പ്രാക്ടീസിനെ ബാധിച്ചു; 24 ഒ ദുബൈ കാറോട്ടമത്സരത്തില്‍ നിന്ന് അജിത് പിന്മാറി