അഴിത്തലയില്‍ ഇനി ഹരിതവസന്തം; മാതൃകയായി നീലേശ്വരത്തെ ഹരിത ടൂറിസം കേന്ദ്രം

പ്രകൃതിഭംഗിയും പരിസ്ഥിതി ബോധവും കൈകോര്‍ക്കുന്ന കാസര്‍കോടിന്റെ തീരഭൂമിയില്‍ ഇനി ‘ഹരിത വസന്തം’. നീലേശ്വരം നഗരസഭയിലെ അഴിത്തല കടലോരഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്. നീലേശ്വരം പുഴയുടെ അഴിമുഖത്ത് 27 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ പ്രകൃതിരമണീയ പ്രദേശം ഇന്ന് ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാതൃകയാണ്.

മാലിന്യമുക്തമായ വിനോദസഞ്ചാരം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍, ഡി.ടി.പി.സി, നഗരസഭ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബീച്ചില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് നിര്‍മ്മിച്ച ഭീമന്‍ മത്സ്യശില്പം സന്ദര്‍ശകര്‍ക്ക് കൗതുകത്തിനൊപ്പം കൃത്യമായ ബോധവല്‍ക്കരണവും നല്‍കുന്നു. ടൂറിസം വകുപ്പ് അനുവദിച്ച 1.47 കോടി രൂപ ഉപയോഗിച്ച് അഴിത്തലയില്‍ അത്യാധുനിക ബീച്ച് പാര്‍ക്ക് നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. നഗരസഭയുടെ കൈവശമുള്ള 25 സെന്റ് സ്ഥലം കൂടി ഡി.ടി.പി.സിക്ക് വിട്ടുനല്‍കുന്നതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും.

പ്രധാന ആഘോഷവേളകളില്‍ അയ്യായിരത്തിലധികം സഞ്ചാരികളെത്തുന്ന ഇവിടെ സുരക്ഷ ഉറപ്പാക്കാന്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനും സജീവമാണ്. ഡി.ടി.പി.സി നിയോഗിച്ച പ്രത്യേക ശുചീകരണ തൊഴിലാളികള്‍ ദിവസവും കടല്‍തീരം വൃത്തിയായി സൂക്ഷിക്കുന്നു. അഴിത്തലയ്ക്ക് പുറമെ ബേക്കല്‍, പള്ളിക്കര, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച്, റാണിപുരം, വലിയപറമ്പ തുടങ്ങിയ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ മാലിന്യമുക്തമാക്കി ഹരിതപദവിയിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞു. സുസ്ഥിര വിനോദസഞ്ചാരത്തിന്റെ ഈ പുത്തന്‍ മാതൃക കേരളത്തിലെ മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ക്കും വഴികാട്ടിയാവുകയാണ്.

Scroll to Top