കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗങ്ങളുടെ കലാ-സാംസ്‌കാരിക അഭിവൃദ്ധി ലക്ഷ്യമിട്ട് യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത നിര്‍വഹിച്ചു. മടിക്കൈ പഞ്ചായത്തിലെ ശിവോഹം വാദ്യസംഘം, പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചിലമ്പ് വാദ്യസംഘം, അജാനൂര്‍ പഞ്ചായത്തിലെ ചക്ലിയ സമുദായ സംഘം, പള്ളിക്കര പഞ്ചായത്തിലെ എസ്.കെ.സി. വാദ്യസംഘം എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ നല്‍കിയത്. വിവിധ വര്‍ഷങ്ങളിലായി ആകെ 11 സംഘങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എച്ച്. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.പി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാരായണന്‍ മാടിക്കാല്‍, ബിന്ദു.കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി രജിത, എസ്.സി.ഡി.ഒ പി.ബി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




