കോഴിക്കോട് തിരുവമ്പാടി സ്വദേശി .ഗോഡ്വിന്‍ ആണ്
മടിക്കേരിയില്‍ നിന്ന് പിടിയിലായ
കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കുമ്പള പോലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ചാക്കോയുടെ മകന്‍ ഗോഡ്വിന്‍ ആണ് കര്‍ണാടകയിലെ മടിക്കേരിയില്‍ വെച്ച് അതിസാഹസികമായി പിടിയിലായത്. മൈസൂരിലെ ഒളിത്താവളം വളഞ്ഞ പോലീസിനെ വെട്ടിച്ച്, അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് വാഹനമിടിച്ച് തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ നീണ്ട ചേസിംഗിനൊടുവിലാണ് അന്വേഷണസംഘം കുടുക്കിയത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മംഗല്‍പ്പാടി , സോങ്കാലില്‍ വെച്ചാണ് കേസിനാസ്പദമായ ആദ്യ അറസ്റ്റ് നടക്കുന്നത്.
സ്വിഫ്റ്റ് കാറില്‍ അനധികൃത വില്‍പ്പനയ്ക്കായി കടത്തുകയായിരുന്ന 53.980 ഗ്രാം എം.ഡി.എം.എ കുമ്പള എസ്.ഐ അനന്തകൃഷ്ണനും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം ഉള്‍പ്പടെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കുമ്പള സ്റ്റേഷനില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അറസ്റ്റിലായ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കൈമാറിയത് രണ്ടാം പ്രതിയായ ഗോഡ്വിന്‍ ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ വിദഗ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയുമൊത്ത് മൈസൂരിലെ ഉളിക്കര സുവാരി ഗാര്‍ഡനിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തി.
മൈസൂര്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും, പോലീസിനെ കണ്ടയുടന്‍ ഇയാള്‍ സ്വന്തം വാഹനത്തില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തകര്‍ത്ത് പുറത്തേക്ക് കുതിക്കുകയായിരുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ ദ്രുതഗതിയിലുള്ള ഇടപെടലാണ്പ്രതിയെ പിടികൂടുന്നതില്‍
നിര്‍ണായകമായത് .
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കാസറഗോഡ് എ.എസ്.പി അച്യുത് അശോക് ഐ.പി.എസ്, കുമ്പള എസ്.എച്ച്.ഒ ബൈജു കെ. ജോസ്, എസ്.ഐ അനന്തകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കിഷോര്‍, ഡ്രൈവര്‍ സി.പി.ഒ ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് കര്‍ണാടകയിലെത്തി പ്രതിയെ പിടികൂടിയത്.




